കോട്ടയം: വരിക്കാരുടെ എണ്ണം വർധിപ്പിക്കാൻ പുതിയ വിപണന സേവനങ്ങളും പ്ലാനുകളും ഓഫറുകളുമായി ബിഎസ്എൻഎൽ. സൗജന്യ ബ്രോഡ് ബാൻഡ് കണക്ഷൻ, ഫൈബർ കണക്റ്റിവിറ്റിയുടെ വ്യാപനം, സൗജന്യ ഇൻകമിംഗ് സൗകര്യങ്ങൾ, സൗജന്യകോളുകൾ, ബില്ലിംഗ് ഇ മെയിൽ സേവനം, റീ കണക്ഷൻ മേളകൾ എന്നീ സേവനങ്ങൾ ഇനി ബിഎസ്എൻഎൽ വരിക്കാർക്ക് ലഭ്യമാകും.
നിലവിൽ ബ്രോഡ് ബാൻഡ് കണക്ഷൻ ഇല്ലാത്ത എല്ലാ ലാൻഡ് ലൈൻ വരിക്കാർക്കും ഒരു മാസത്തേക്ക് 10 എംപി വരെ സ്പീഡ് ലഭിക്കുന്ന 5 ജിബി വരെ പ്രതിദിനം ഉപയോഗിക്കാവുന്ന ബ്രോഡ് ബാൻഡ് കണക്ഷൻ സൗജന്യമായി നൽകും. ഒന്നുമുതൽ ആരംഭിച്ച ഈ സേവനം ലഭ്യമാകാൻ ഉപയോക്താക്കൾ എഡിഎസ്എൽ മോഡം മാത്രം വാങ്ങിയാൽ മതിയാകും. ഫൈബർ കണക്ടിവിറ്റി കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിക്കാൻ എഫ്ടിടിഎച്ച് ഇന്റർനെറ്റ് സംവിധാനം ജില്ലയിലുടനീളം സാധ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കി.
കേബിൾ ടിവി ഓപ്പറേറ്റർമാർ മുഖേന എഫ്ടിടിഎച്ച് കണക്ഷൻ ലഭ്യമാക്കിത്തുടങ്ങി. വിച്ഛേദിക്കപ്പെട്ട ലാൻഡ് ലൈൻ ഉപഭോക്താക്കളെ ബിഎസ്എൻഎലിൽ നിലനിർത്താൻ സൗജന്യ ഇൻകമിംഗ് സൗകര്യം 31 വരെ നൽകും. ബിഎസ്എൻഎൽ വിംഗ്സ് ആപ്പിലൂടെ സിം കാർഡ് ഇല്ലാതെ മൊബൈലിൽനിന്ന് ഇൻകമിംഗ് ഔട്ട്ഗോയിംഗ് കോളിംഗ് സേവനം ഒരുക്കിയിട്ടുണ്ട്. ഇന്റർനാഷണൽ റോമിംഗിൽ കോളുകൾ സൗജന്യമായിരിക്കും.
ഇന്റർനാഷണൽ റോമിംഗിൽ ഇന്ത്യയിലുള്ള ഔട്ട്ഗോയിംഗ് കോളുകൾക്ക് വിംഗ്സ് ആപ്് വഴി മിനിറ്റിന് 1.20 രൂപ നിരക്ക് മാത്രമാണ് ഈടാക്കുന്നത്. www.bsnl.co.in എന്ന വെബ്സൈറ്റിലൂടെ ഈ സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാം. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി ഗോ ഗ്രീൻ പദ്ധതിയുടെ ഭാഗമായി ബില്ലുകളും അറിയിപ്പുകളും ഇ മെയിൽ വഴി അടയ്ക്കാനുള്ള ക്രമീകരണങ്ങളും ആരംഭിക്കും.
മാർക്കറ്റിംഗ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ മാസം മേളമാസമായി പ്രഖ്യാപിച്ചു ജില്ലയിലുടനീളം മേളകൾ നടത്തും. ബിഎസ്എൻഎൽ ഓഫീസ് സേവനം ലഭ്യമല്ലാത്ത സാഹചര്യത്തിലും ബില്ലുകൾ അടയ്ക്കാൻ കഴിയുന്ന തരത്തിൽ പ്രത്യേക ഷോപ്പുകളെ തെരഞ്ഞെടുത്ത് ബിൽ അടയ്ക്കാനുള്ള ക്രമീകരണവും ഒരുക്കുമെന്നു ജില്ലാ ജനറൽ മാനേജർ സാജു ജോർജ് പറഞ്ഞു.