ആലപ്പുഴ: തെരഞ്ഞെടുപ്പു പ്രഖ്യാപനം ആയില്ലെങ്കിലും ജില്ലയിലെ രണ്ടുലോക്സഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇടതുമുന്നണിയുടെ സ്ഥാനാർഥികളെ സംബന്ധിച്ചു മാത്രമാണ് മണ്ഡലങ്ങളിൽ തീരുമാനമായിട്ടുള്ളത്. എങ്കിലും പലയിടത്തും രണ്ടുമുന്നണികളുടെയും സ്ഥാനാർഥികളുടെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
സൈബർ പോരാളികൾ സോഷ്യൽ മീഡിയയിലൂടെയും സജീവമായിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾ സൈബർ രംഗം കൈകാര്യം ചെയ്യാൻ വിദഗ്ധരെ തന്നെ നിയോഗിച്ചും കഴിഞ്ഞു. ഇതോടൊപ്പം അനുഭാവികളുടെ സൈബർ പോരാട്ടവും തുടങ്ങിക്കഴിഞ്ഞു. സിനിമാ ഡയലോഗുകളും അതിനെ വെല്ലുന്ന ഡയലോഗുകളുമെല്ലാമായി അണിയറയിൽ ആയുധങ്ങൾ ഇവർ സജ്ജമാക്കിയിട്ടുമുണ്ട്.ജില്ലയിലുൾപ്പെടുന്ന ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ ഇടതുമുന്നണിക്കു വേണ്ടി എംഎൽഎമാരായ എ.എം. ആരിഫും ചിറ്റയം ഗോപാകുമാറുമാണ് മത്സര രംഗത്ത്.
കോണ്‍ഗ്രസ് സ്ഥാനാർഥികളെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ എംപിമാരായ കെ.സി. വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും തന്നെയാകുമെന്ന ഉറപ്പിലാണ് ജില്ലയിലെ പാർട്ടി അനുഭാവികൾ. അങ്ങനെയെങ്കിൽ ആലപ്പുഴയിൽ ഗ്ലാമറിന്റെ പോരാട്ടമായിരിക്കുമെന്നാണ് പൊതുസംസാരം. എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയെന്ന ഭാരിച്ച ഉത്തരവാദിത്വമുള്ള കെ.സിയെ തന്നെ നിയോഗിക്കുമെന്ന പ്രതീക്ഷയിൽ പലയിടത്തും ചുവരെഴുത്തുകളും പോസ്റ്റർ പ്രചാരണങ്ങളും തുടങ്ങിക്കഴിഞ്ഞു.
ഹാട്രിക് വിജയം ലക്ഷ്യമിടുന്ന കെ.സിയെ തളയ്ക്കുകയെന്ന ലക്ഷ്യവുമായാണ് ഗ്ലാമറിൽ ഒട്ടും പിറകിലല്ലാത്ത ആരിഫിനെ തന്നെ ഇടതുമുന്നണി രംഗത്തിറക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടതുപക്ഷ സ്ഥാനാർഥി എ.എം. ആരിഫ് എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഷോയും നടന്നു. കെ.ആർ. ഗൗരിയമ്മയെ തളച്ച് അരൂർ നിയമസഭാ മണ്ഡലം പിടിച്ചടക്കിയ ആരീഫിനെ പിന്നീടിതുവരെ അരൂർ കൈവിട്ടിട്ടില്ല. കെ.സിയാണ് മത്സരിക്കുന്നതെങ്കിൽ ദേശീയശ്രദ്ധ നേടുന്ന ഇടം കൂടിയാകും ആലപ്പുഴ.രാഹുൽഗാന്ധിയും സോണിയാഗാന്ധിയും പ്രിയങ്കാഗാന്ധിയുമടക്കമുള്ള നേതാക്കൾ പ്രചാരണത്തിന് ആലപ്പുഴയിലേക്കെത്താനുള്ള സാധ്യതയും തള്ളാനാകില്ല.
കർണാടക മുഖ്യൻ കുമാരസ്വാമിയും പ്രചാരണത്തിനെത്തിയാൽ അത് ഇടതുമുന്നണിക്കും ഒരു തലവേദനയാകും. ഇടതുസ്ഥാനാർഥികൾ പാർട്ടി ഓഫീസുകളിലുമടക്കം സന്ദർശനം നടത്തി പ്രചാരണപരിപാടികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷത്തെ പ്രധാന പാർട്ടികളുടെ അനുബന്ധ സംഘടനകളും യോഗങ്ങൾ ചേർന്നു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി.
മാവേലിക്കരയിലും ഒട്ടും മോശമാകില്ല കാര്യങ്ങൾ. പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും കെപിസിസി വർക്കിംഗ് പ്രസിഡന്റെന്ന പദവിയിലിരുന്നാണ് കൊടിക്കുന്നിൽ ഹാട്രിക് ലക്ഷ്യവുമായി മത്സര രംഗത്തേക്കെത്തുന്നത്. ചിറ്റയം ഗോപകുമാറാകട്ടെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയനുമാണ്.
അട്ടിമറി വിജയത്തിലൂടെ എംഎൽഎയായ ഇദ്ദേഹം മറ്റൊരു അട്ടിമറി നടത്തുമെന്നാണ് ഇടതുപ്രതീക്ഷയും. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ പാളയത്തിൽ സ്ഥാനാർഥികൾ സംബന്ധിച്ച് ധാരണയായിട്ടില്ലെങ്കിലും പ്രധാനമന്ത്രിയുടെ അപദാനങ്ങൾ വാഴ്ത്തി സോഷ്യൽ മീഡിയയിൽ ഇവരും സജീവം തന്നെ.
ഇടതുസ്ഥാനാർഥി നിർണയം പൂർത്തിയായതോടെ തെരഞ്ഞെടുപ്പു കണ്വൻഷനുകളിലേക്കു കടക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങി. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ നാളെ ആദ്യ ഇടതുതെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരസഭ ടൗണ്‍ഹാളിൽ വൈകുന്നേരം നാലിനാണ് ആലപ്പുഴ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വൻഷൻ വി.എസ് ഉദ്ഘാടനം ചെയ്യുക.
മന്ത്രിമാരും ഘടകകക്ഷിനേതാക്കളും സന്നിഹിതരാകും. മാവേലിക്കര പാർലമെന്റ് മണ്ഡലം കണ്വൻഷൻ 12നു വൈകുന്നേരം നാലിന് ചെങ്ങന്നൂരിൽ കേരള കോണ്‍ഗ്രസ്-ബി ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ളയും ഉദ്ഘാടനം ചെയ്യും. 13, 14, 15 തീയതികളിൽ അസംബ്ലി മണ്ഡലം കണ്‍വൻഷനുകളും 15 മുതൽ 18 വരെ മേഖലാ കണ്‍വൻഷനുകളും നടക്കും. 20 നകം ബൂത്ത് കണ്‍വൻഷനുകളും പൂർത്തിയാകും.
പ്രചരണങ്ങൾക്ക് മുന്നോടി യായി ഇന്നലെ നടന്ന എഐവൈഎഫ് മാവേലിക്കര പാർലമെന്റ് കൺവെൻഷൻ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു.