പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വനിതാ മതിലും നവോത്ഥാന സദസും നടത്തി സ്ത്രീ ശാക്തീകരണത്തിനുനേതൃത്വം നല്കിയ സിപിഎം ഒരു വനിതയെ ശബരിമലയുടെ തട്ടകത്തിൽ മത്സരിപ്പിക്കുന്നതിനു പിന്നിലെ രാഷ്ട്രീയം ഒരു ഭാഗ്യ പരീക്ഷണം കൂടിയാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ അപ്രതീക്ഷിതമായ സ്ഥാനാർഥി നിർണയത്തിലൂടെ ഉണ്ടാക്കിയ നേട്ടം ഇത്തവണ യുഡിഎഫ് കോട്ടയെന്നു കരുതുന്ന പത്തനംതിട്ടയിലും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് അവർ.ആറന്മുളയിലെ സിറ്റിംഗ് എംഎൽഎ വീണാ ജോർജിന്റെ സ്ഥാനാർഥിത്വം പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.
2009ൽ നിലവിൽ വന്ന പത്തനംതിട്ട നിയോജകമണ്ഡലത്തിൽ രണ്ട് തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിനു പരാജയമായിരുന്നു. 2009ൽ കെ. അനന്തഗോപൻ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു. 2014 ൽ കോണ്ഗ്രസ് നേതാവായിരുന്ന പീലിപ്പോസ് തോമസിനെ എൽഡിഎഫ് ചേരിയിലെത്തിച്ച് സീറ്റു നൽകി. രണ്ട് തെരഞ്ഞെടുപ്പുകളിലും ആന്റോ ആന്റണി വിജയിച്ചു. എന്നാൽ രണ്ടാം അങ്കത്തിൽ ആന്റോയുടെ ഭൂരിപക്ഷം പകുതി കണ്ട് കുറഞ്ഞു. ബിജെപി നേടിയ അധികവോട്ടുകളും ഇതിനൊരു കാരണമാണ്. ഇത്തവണ ഘടകകക്ഷികൾ നോട്ടമിട്ടിരുന്ന മണ്ഡലത്തിൽ സിപിഎമ്മിന്റെ മോഹത്തിനു പിന്നിൽ വിജയം മാത്രമാണ് ലക്ഷ്യം.
സിറ്റിംഗ് എംഎൽഎമാരായ രാജു ഏബ്രഹാമോ, വീണാ ജോർജോ പത്തനംതിട്ടയിൽ മത്സരിക്കണമെന്നത് സിപിഎം സംസ്ഥാന സമിതിയുടെ അഭിപ്രായമായിരുന്നു. നേരത്തെ കെ.ജെ. തോമസിനെ പരിഗണിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ സ്വാധീനം പ്രധാന ഘടകമായി. വീണയുടെ സ്ഥാനാർഥിത്വത്തിലൂടെ സിപിഎമ്മിന്റെ പ്രതീക്ഷ പല ഘടകങ്ങളിലാണ്.
യുഡിഎഫിന്റെ ഉറച്ച മണ്ഡലമെന്നു കരുതിയിരുന്ന ആറന്മുളയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിലെ കെ. ശിവദാസൻ നായരെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് വീണാ ജോർജിനു തളയ്ക്കാനായത്. 7644 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ വിജയിച്ചത്. എംഎൽഎയെന്ന നിലയിൽ ആറന്മുളയിലും ജില്ലയിലെ സമീപ മണ്ഡലങ്ങളിലും സ്വാധീനമുണ്ടാക്കാൻ വീണാ ജോർജിനായിട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ.
സാമുദായികമായ പരിഗണനകൾ അടക്കം സ്ഥാനാർഥി നിർണയത്തിൽ ഘടകമായിട്ടുണ്ട്. ആദ്യം ആറന്മുളയിലും പിന്നീട് ചെങ്ങന്നൂരിലും പാർട്ടി പരീക്ഷിച്ചു വിജയം കണ്ട ശൈലിയാണ് പത്തനംതിട്ട പാർലമെന്റിലേക്കും പരീക്ഷിക്കുന്നത്.
എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യവും മണ്ഡലത്തിന്റെ വിസ്തൃതിയും കണക്കിലെടുക്കുന്പോൾ വിജയത്തിലേക്കെത്താൻ എൽഡിഎഫിനു നന്നേ പണിപ്പെടേണ്ടിവരും.