ജോണ്സണ് വേങ്ങത്തടം
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്കു കേരളം കടന്നിട്ടും സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ മെല്ലെപ്പോക്കിൽ ബിജെപി. അണികൾക്കിടയിൽ കടുത്ത അമർഷം പുകയുന്പോൾ തിരുവനന്തപുരം, കോട്ടയം സ്ഥാനാർഥികളെ മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ.
ഇടതു മുന്നണി 20 സീറ്റുകളിലേക്കുമുളള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എംഎൽഎമാർ അടക്കം അതിശക്തരെ തന്നെ മത്സരത്തിന് ഇറക്കിയതിലൂടെ ഇത്തവണ കടുത്ത പോരാട്ടമാണ് സിപിഎം ലക്ഷ്യമിടുന്നത് എന്നു വ്യക്തം. എന്നാൽ എൻഡിഎ സ്ഥാനാർഥി ലിസ്റ്റ് വൈകുന്നതിനു കാരണം തുഷാർ വെള്ളാപ്പിള്ളിയാണെന്ന ധാരണയും പരന്നിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള മത്സരിക്കണമോ എന്ന സംശയവും ലിസ്റ്റ് വൈകാൻ ഇടയാക്കുന്നു. ശ്രീധരൻപിള്ള മത്സരിക്കണമെങ്കിൽ അഖിലേന്ത്യാ നേതൃത്വം അനുവാദം നൽകണം.
തിരുവനന്തപുരത്തു കുമ്മനവും കോട്ടയത്തു പി.സി. തോമസുമാണ് ഇതിനകം ഉറപ്പിച്ച സ്ഥാനാർഥികൾ. പത്തനംതിട്ടയിൽ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളക്കൊപ്പം പന്തളം രാജകുടുംബാംഗം ശശികുമാരവർമ്മയെ വീണ്ടും പരിഗണിക്കുന്നതായി വിവരമുണ്ട്.
ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും പത്തനംതിട്ട സീറ്റ് ലഭിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലാ ഘടകത്തിന് ശ്രീധരൻ പിളളയേക്കാൾ താല്പര്യം കെ. സുരേന്ദ്രനോടാണ്. അതിനിടെ ബിജെപി അധ്യക്ഷൻ അമിത് ഷായെ കാണാൻ തുഷാർ വെള്ളാപ്പള്ളി ഇന്നു ഡൽഹിയിലെത്തും. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതിലും തീരുമാനമുണ്ടായേക്കും.
തുഷാർ ഇന്ന് അമിത്ഷായുമായി നടത്തുന്ന ചർച്ചക്ക് ബിജെപി പട്ടികയുമായി ബന്ധമുണ്ട്. തുഷാർ മത്സരിക്കണമെന്നു ബിജെപി ദേശീയ നേതൃത്വം ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് അദ്ദേഹം അമിത്ഷായെ കാണുന്നത്.തുഷാർ മത്സരിത്തിനിറങ്ങുന്ന പക്ഷം തൃശൂർ ബിഡിജെഎസിനു നൽകേണ്ട സാഹചര്യമുണ്ട്. അങ്ങനെയങ്കിൽ തൃശൂരിൽ താല്പര്യമുള്ള കെ.സുരേന്ദ്രനു പുതിയ സീറ്റ് കണ്ടെത്തേണ്ടിവരും.
ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കാത്തിരിക്കുകയാണ് ബിജെപി. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥി പട്ടിക പുറത്തു വന്നതോടെ ഏറ്റവും കരുത്തരെ തന്നെ മത്സരത്തിന് ഇറക്കണം എന്നതു ബിജെപിക്ക് അനിവാര്യമായിരിക്കുന്നു. ശബരിമല വിഷയം തങ്ങൾക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടാക്കിയെന്നു കണക്കു കൂട്ടുകയാണ് ബിജെപി.
ഇത്തവണ അക്കൗണ്ട് തുറക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ ഒരിക്കലും സാധിച്ചെന്നു വരില്ലെന്നും ബിജെപി കരുതുന്നു. അതുകൊണ്ടു തന്നെ സ്ഥാനാർഥി നിർണയത്തിൽ ജയസാധ്യത മാത്രമാണ് പരിഗണിച്ചിരിക്കുന്നതും. മിസോറാം ഗവർണർ പദവി രാജിവപ്പിച്ചു കുമ്മനം രാജശേഖരനെ തിരിച്ച് എത്തിക്കാൻ പ്രധാനമന്ത്രി തന്നെ മുൻകൈ എടുത്തതിൽനിന്നും ഈ തെരഞ്ഞെടുപ്പ് ബിജെപിക്ക് എത്രമാത്രം നിർണായകമാണ് എന്നതു വ്യക്തമാണ്. തിരുവനന്തപുരം സീറ്റിൽ കുമ്മനം രാജശേഖരൻ തന്നെ സ്ഥാനാർഥിയാവും എന്നുറപ്പായിട്ടുണ്ട്.
കൊല്ലത്ത് സി.വി. ആനന്ദ ബോസ്, സുരേഷ് ഗോപി എംപി എന്നിവരാണ് ബിജെപിയുടെ സാധ്യതാ പട്ടികയിൽ സജീവമായിട്ടുളളത്. ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെ ബിജെപി പരിഗണിക്കുന്നുണ്ട്. മാത്രമല്ല പാലക്കാട് മണ്ഡലവും ശോഭാ സുരേന്ദ്രന് സാധ്യത കൽപ്പിക്കപ്പെടുന്ന സീറ്റാണ്. ഇടതു കോട്ടയായ കണ്ണൂരിൽ സി.കെ. പത്മനാഭനെയാണ് മത്സരിപ്പിക്കാൻ ബിജെപി ആലോചിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചാലക്കുടിയിൽ സിപിഎം സ്ഥാനാർഥി ഇന്നസെന്റിനെതിരേ എ.എൽ. രാധാകൃഷ്ണന്റെ പേരാണ് സജീവമായിട്ടുള്ളത്.
കാസർഗോഡ് പി.കെ. കൃഷ്ണദാസിനെ ആണ് പാർട്ടി പരിഗണിക്കുന്നത്. എം.ടി. രമേശിനേയും കെ.പി. ശ്രീശനേയും കോഴിക്കോട് മണ്ഡലത്തിൽ പരിഗണിക്കുന്നത് ബിജെപി ചർച്ച ചെയ്യുന്നുണ്ട്. എം.ടി. രമേശിന് പത്തനംതിട്ടയിലും സാധ്യത ഇല്ലാതില്ല. നാല് ജനറൽ സെക്രട്ടറിമാരുടെ പരിവർത്തൻ യാത്ര സമാപിച്ചതിന് പിന്നാലെയാണ് ഒൗദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമുണ്ടാവുക.