സൈനീക നീക്കങ്ങൾക്കിടയിൽ കുരുമുളക് കള്ളക്കടത്ത് നിലച്ചു, ഉത്പന്ന വിലയിൽ തിരിച്ചുവരവ്. പുതിയതും പഴയതുമായ ചുക്ക് വരവ് വിലയെ ബാധിച്ചു. ഏലക്ക ശേഖരിക്കാൻ കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഉത്സാഹിച്ചു. വെളിച്ചെണ്ണയ്ക്ക് മാസാരംഭ ഡിമാൻഡ് മങ്ങിയത് തിരിച്ചടിയായി. സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം.
കുരുമുളക്
അതിർത്തിയിലെ സൈനീക നീക്കങ്ങൾ കണ്ട് വിദേശ കുരുമുളക് കള്ളക്കടത്തുകാർ രംഗം വിട്ടത് ഉത്പന്നത്തിന് താങ്ങായി. രാജ്യത്തിന്റെ കിഴക്കൻ അതിർത്തിയിൽ സൈന്യം പരിശോധനകൾ കർശനമാക്കി. ഇതോടെ അതുവഴി ഇന്ത്യയിലേക്കുള്ള കുരുമുളക് കള്ളക്കടത്ത് നിലച്ചു. ഏതാനും മാസങ്ങളായി വിദേശ ചരക്ക് വൻതോതിൽ കളളകടത്തായി എത്തിയത് കർഷകരുടെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റിച്ചിരുന്നു.
വിവിധ ഉത്പാദന രാജ്യങ്ങളിൽനിന്നുള്ള വില കുറഞ്ഞ മുളക് എത്തിയത് ആഭ്യന്തര വിലത്തകർച്ചയ്ക്ക് ഇടയാക്കി. കള്ളക്കടത്ത് നിലച്ചതോടെ നേരത്തെ ഇറക്കുമതി നടത്തിയ വ്യവസായികൾ കുരുമുളക് വില വാരത്തിന്റെ രണ്ടാം പകുതിയിൽ ഉയർത്താനും ശ്രമം തുടങ്ങി. നമ്മുടെ കർഷകർ കുരുമുളക് വിളവെടുപ്പിന്റെ തിരക്കിലാണ്. തെക്കൻ കേരളത്തിൽ നിന്നും ഹൈറേഞ്ചിൽനിന്നും പുതിയ ചരക്ക് ഇറങ്ങുന്നുണ്ട്. വൈകാതെ വയനാടൻ മുളകും വില്പനയ്ക്കു സജ്ജമാക്കും.
അടുത്ത മാസം കർണാടകത്തിലെ കൂർഗിൽനിന്നുള്ള മുളകും എത്തും. ഈ അവസരത്തിൽ കള്ളക്കടത്ത് നിലച്ചത് ആഭ്യന്തര ഉത്പന്നവില ഉയർത്താം. ടെർമിനൽ മാർക്കറ്റിൽ ചരക്കുവരവ് ചുരുങ്ങിയതുകണ്ട് അന്തർ സംസ്ഥാന വ്യാപാരികൾ നിരക്ക് ഉയർത്തി. അവസരം പ്രയോജനപ്പെടുത്തി ഇറക്കുമതി ലോബി ഉത്തരേന്ത്യയിൽ സ്റ്റോക്കുള്ള ചരക്ക് കൂടിയ വിലയ്ക്ക് മറിച്ചു വില്പന നടത്താൻ ഇടയുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 32,300 ലും ഗാർബിൾഡ് മുളക് 34,300 രൂപയിലുമാണ്.
അന്താരാഷ്ട്രവിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5050 ഡോളറാണ്. സീസൺ ആരംഭിച്ചതോടെ വിയറ്റ്നാം ടണ്ണിന് 1800 ഡോളിന് പോലും ക്വട്ടേഷൻ ഇറക്കിയതായാണ് വിവരം. ബ്രസീൽ 2000 ഡോളറിനും ഇന്തോനേഷ്യ 2300 ഡോളറിനും ശ്രീലങ്ക 2800 ഡോളറിനും ഓഫറുകൾ ഇറക്കുന്നുണ്ട്.
ചുക്ക്
ചുക്ക് വരവ് ശക്തിയാർജിച്ചു. കേരളത്തിലും കർണാടകത്തിലും ഉത്പാദനം ഉയർന്നതിനാൽ പുതിയതും പഴയതുമായ ചുക്ക് ഇറക്കാൻ കാർഷിക മേഖല നീക്കം നടത്തി. ഇതിനിടയിൽ വാങ്ങലുകാർ രംഗത്തുനിന്ന് അല്പം പിൻവലിഞ്ഞത് വിലയെ ബാധിച്ചു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ ചുക്ക് ശേഖരിക്കുന്നുണ്ട്. ഇന്ത്യൻ ചുക്കിൽ താത്പര്യം കാണിക്കുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതിക്കാർ. ഉത്തരേന്ത്യൻ കറിമസാല നിർമാതാക്കളും ചുക്ക് വാങ്ങി. വാരത്തിന്റെ തുടക്കത്തിൽ ഉയർന്ന തലത്തിൽ നീങ്ങിയ ചുക്ക് പിന്നീട് 23,000‐26,500 ലേക്ക് താഴ്ന്നു. ഉത്പാദകർ ചുക്ക് നീക്കം നിയന്ത്രിച്ചില്ലെങ്കിൽ നിരക്ക് വീണ്ടും കുറയാം. അറബ് രാജ്യങ്ങളിൽ മഞ്ഞൾ വിളവെടുപ്പ് പുരോഗമിച്ചത് കണ്ട് വ്യവസായികൾ സംഭരണം ശക്തമാക്കി.
ഗ്രാമീണ മേഖലകളിൽനിന്ന് വൻതോതിൽ മഞ്ഞൾ വില്പനയ്ക്ക് ഇറങ്ങി. ഔഷധ നിർമാതാക്കൾ കുർക്കുമിൻ അംശം ഉയർന്ന മഞ്ഞളിൽ താത്പര്യം കാണിച്ചു. പൗഡർ യുണിറ്റുകളും മഞ്ഞൾ സംഭരിക്കുന്നുണ്ട്. ഇതിനിടയിൽ വിദേശ അന്വേഷണങ്ങൾ മുന്നിൽ കണ്ട് കയറ്റുമതിക്കാരും മഞ്ഞൾ മാർക്കറ്റിലുണ്ട്. ഈറോഡ്‐സേലം മഞ്ഞൾ 7500‐8200 രൂപയിലാണ്.
ഏലം
ലേല കേന്ദ്രങ്ങളിൽ ഏലക്കയുടെ ലഭ്യത ചുരുങ്ങിയതു വൻ വിലയ്ക്കുള്ള സാധ്യത ഇരട്ടിപ്പിക്കുന്നു. ഉത്തരേന്ത്യയിൽനിന്നും വിദേശത്തുനിന്നും ഏലത്തിന് ആവശ്യക്കാരുണ്ട്. വരൾച്ച രൂക്ഷമായതിനാൽ ഏലത്തോട്ടങ്ങൾ പലതും പ്രതിസന്ധിയിലാണ്. ഉത്പാദന മേഖലകളിൽ മഴ കുറഞ്ഞതും പകൽ അന്തരീക്ഷ താപനില ഉയർന്നതും ഏലം ചെടികളെ ബാധിച്ചു.
കർഷിക മേഖലയിൽ ഏലക്ക സ്റ്റോക്ക് ചുരുങ്ങിയതിനാൽ വിലക്കയറ്റം തുടരുമെന്ന വിശ്വാസത്തിലാണ് ഇടപാടുകാർ. വലിപ്പം കൂടിയയിനം ഏലക്ക തുടക്കത്തിൽ കിലോ 1877 രൂപയിൽ നീങ്ങിയെങ്കിലും പിന്നീട് 1934 വരെ ഉയർന്നു. വാരാന്ത്യം നടന്ന ലേലത്തിൽ വില 1642 രൂപയിലാണ്. ഉത്സവ ഡിമാൻഡ് കണക്കിലെടുത്താൽ ഉത്പന്നം വീണ്ടും മികവ് കാണിക്കാം.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വില വീണ്ടും കുറഞ്ഞു. പ്രദേശിക തലത്തിൽ വെളിച്ചെണ്ണ വില്പന കുറഞ്ഞത് മില്ലുകാരെ വില്പനക്കാരാക്കി. നാളികേര വിളവെടുപ്പ് മുന്നേറുന്നതിനാൽ പച്ചതേങ്ങ വില്പനയ്ക്ക് എത്തുന്നുണ്ട്. കൊച്ചിയിൽ വെളിച്ചെണ്ണ വില 15,500 രൂപയിൽ നിന്ന് 15,200 രൂപയായി, കൊപ്ര 10,240 ൽ നിന്ന് 10,050 ലേക്ക് ഇടിഞ്ഞെങ്കിലും 10,000 രൂപയിലെ നിർണായക താങ്ങ് വിപണി നിലനിർത്തി.
റബർ
ടയർ കന്പനികളും ഉത്തരേന്ത്യൻ വ്യവസായികളും റബർ മാർക്കറ്റിൽ നിന്ന് അകന്നത് ഷീറ്റ് വില കുറയാൻ ഇടയാക്കി. പ്രതികൂല കാലാവസ്ഥ മൂലം റബർ ടാപ്പിംഗ് സ്തംഭിച്ചതിനാൽ വിപണി ചരക്ക് ക്ഷാമത്തിന്റെ പിടിയിലാണ്. ടയർ കമ്പനികൾ ആർഎസ്എസ് നാലാം ഗ്രേഡ് റബർ വില 12,650 രൂപയായും അഞ്ചാം ഗ്രേഡ് റബർ 12,200 രൂപയായും താഴ്ത്തി.
സ്വർണം
സ്വർണ വിലയിൽ വൻ ചാഞ്ചാട്ടം. 24,280 രൂപയിൽ വില്പനയ്ക്ക് തുടക്കം കുറിച്ച പവൻ 24,400 ലേക്ക് കുതിച്ചശേഷം ഉയർന്ന തലത്തിൽ പിടിച്ചു നിൽക്കാനാവാതെ 23,840 രൂപയായി താഴ്ന്നു. എന്നാൽ വാരാന്ത്യം സ്വർണ വിപണി വീണ്ടും ചുടുപിടിച്ച് 24,080 രൂപയായി. ഒരു ഗ്രാമിനുവില 3010 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1296 ഡോളറിൽ നിന്ന് 1280 വരെ താഴ്ന്ന ശേഷം വാരാവസാനം 1299 ഡോളറിലാണ്.