ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ പാട്ടുംപാടി ജയിക്കുമെന്നുറപ്പുള്ള സ്ഥാനാർഥികളെപ്പോലും പിന്നിൽനിന്ന് കുത്തിവീഴ്ത്തിയ ചരിത്രം അപരൻമാർക്കുണ്ട്. അപരൻമാരുടെ കുത്തിൽ അഥവാ അപരൻമാർക്ക് കിട്ടുന്ന കുത്തിൽ വമ്പൻ നേതാക്കൻമാർ പലരും അടിതെറ്റി വീണിട്ടുമുണ്ട്. എന്നാൽ ഇത്തവണ മുതൽ അപരൻമാരെ പൂട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുവഴി തേടുകയാണ്.
ബാലറ്റിൽ സ്ഥാനാർഥികളുടെ എല്ലാവരുടേയും ചിത്രം ചേർത്താണ് അപരശല്യവും വോട്ടർമാരുടെ ആശയക്കുഴപ്പവും കമ്മീഷൻ ഒഴിവാക്കുന്നത്. ഈ തീരുമാനം അപരൻമാർക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. വോട്ടർമാർക്ക് ഒരേപേരുകാരിൽനിന്ന് ചിത്രം നോക്കി ഇഷ്ടക്കാരെ കണ്ടത്താൻ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ മെച്ചം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റിൽ സ്ഥാനാർഥികളുടെ പേരിനൊപ്പം ചിത്രവും പതിക്കും.
പോസ്റ്റൽ ബാലറ്റിലും ഇപ്രകാരം സ്ഥാനാർഥികളുടെ ചിത്രം ഉണ്ടാകും. ഇതിനായി റിട്ടേണിംഗ് ഓഫീസറുടെ പക്കൽ എല്ലാ സ്ഥാനാർഥികളും സ്റ്റാമ്പ് സൈസ് ഫോട്ടോകൂടി നൽകേണ്ടിവരും. ഇത്തവണ എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ് ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.
ഏപ്രില്‍ പതിനൊന്നിന് ആരംഭിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനായി തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് സുനില്‍ അറോറ അറിയിച്ചു. രാജ്യത്താകെ 90 കോടി വോട്ടര്‍മാരാണുള്ളത്. 8.4 പുതിയ വോട്ടര്‍മാരുണ്ട്. ക്രിമിനല്‍ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദണ്ഡവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ അക്കാര്യങ്ങള്‍ പത്രങ്ങളില്‍ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം.
സാമൂഹ്യമാധ്യമങ്ങളിലെ പരസ്യച്ചെലവും ഇത്തവണ തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കും. സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കവും പെരുമാറ്റച്ചട്ടത്തിന് വിധേയമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.