കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്ത കരാട്ടേ അധ്യാപകനെ കോടതി റിമാൻഡ് ചെയ്തു. വൈപ്പിൻ സ്വദേശി ജിബിൻ (39) ആണ് അഴിക്കുള്ളിലായത്.
2013ൽ പള്ളുരുത്തിൽ പ്രവർത്തിക്കുന്ന സ്കൂളിലെ കുട്ടികൾക്കും നേരെയും ഇത്തരത്തിൽ ലൈംഗിക അതിക്രമം കാണിച്ച സംഭവത്തിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
കരാട്ടേ ക്ലാസ് എടുക്കുന്നതിനായി വടുതലയിലുള്ള ഫ്ളാറ്റിൽ എത്തിയ ജിബിൻ പലപ്പോഴായി ക്ലാസിനെത്തിയരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ആഴ്ചയിൽ മൂന്ന് ക്ലസുകളായിരുന്നു ഉണ്ടായിരുന്നത്. തുടക്കത്തിൽ കൂടുതൽ കുട്ടികൾ ക്ലാസിൽ പങ്കെടുത്തിരുന്നെങ്കിലും പിന്നീട് കുട്ടികൾ പോകാതായതോടെ മതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ജിബിന്റെ ലൈംഗിക അതിക്രമം പുറത്തുവന്നത്.
തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ നേർത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ജിബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാൾ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.