എംജെ ശ്രീജിത്ത്
തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപട്ടികയിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കൾ മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസ് ആശയക്കുഴപ്പത്തിൽ. ഇതോടെ കോൺഗ്രസ് സ്ഥാനാർഥിപട്ടിക വൈകുമെന്നുറപ്പായി. ഇന്നോ നാളയോ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പറഞ്ഞിരുന്നത്.
എന്നാൽ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ട പല മുതിർന്ന നേതാക്കളും മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ചതോടെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. വി.എം സുധീരൻ, ഉമ്മൻചാണ്ടി, ആലപ്പുഴയിലെ സിറ്റിംഗ് എംപി കെ.സി വേണുഗോപാൽ, വടകര എം.പിയും കെ.പി.സിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി കോൺഗ്രസിന്റെ ക്രൗഡ് പുള്ളർമാരാരും മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ്. കണ്ണൂരിൽ സ്ഥാനാർഥിയാകുമെന്ന് കരുതിയിരുന്ന കെ സുധാകരനും മത്സരിക്കാനില്ലെന്ന നിലപാട് നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്.
കോഴിക്കോട്,പത്തനംതിട്ട മണ്ഡലങ്ങളിലെ സിറ്റിംഗ് എ.പിമാർക്കെതിരെ മണ്ഡലങ്ങളിൽ നിന്ന് തന്നെ എതിർപ്പുണ്ട്. പത്തനംതിട്ടയിൽ മത്സരിക്കണമെന്ന നിലപാടുമായി മുൻ രാജ്യസഭാ ഉപാധ്യക്ഷനും മുതിർന്ന നേതാവുമായ പി.ജെ കുര്യനും രംഗത്തുണ്ട്. എൻ.എസ്.എസിന്റെ പിന്തുണയും കുര്യനുണ്ട്. കോഴിക്കോട്ട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തുണ്ട്. വയനാട്ടിൽ ഷാനിമോൾ ഉസ്മാനെയാണ് പരിഗണിക്കുന്നത്.
എന്നാൽ ടി സിദ്ദിഖ് അടക്കമുള്ളവരെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വയനാട് കോൺഗ്രസ് ഉറപ്പായും ജയിക്കുമെന്ന് കരുതുന്ന മണ്ഡലം. യുഡി.എഫിന്റെ കോട്ടയായ വയനാടിന് വേണ്ടി ഒരുപിടി നേതാക്കാളാണ് രംഗത്തുള്ളത്. ഈ സാഹചര്യത്തിൽ ഇവിടേയും അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ഡിസിസിയുടെ അഭിപ്രായം മാനിക്കാതെ ഇവിടെ സ്ഥാനാർഥിയെ നിർത്താൻ പറ്റാത്ത അവസ്ഥയാണ്.
അതുപോലെ കെ.സി വേണുഗോപാൽ മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ആലപ്പുഴയിൽ പുതിയ സ്ഥാനാർഥിയെ കണ്ടത്തേണ്ട അവസ്ഥയാണ്. ആറ്റിങ്ങലിൽ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച അടൂർ പ്രകാശിനെ ആലപ്പുഴയിലേയ്ക്കും പരിഗണിക്കുകയാണ്. ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും എ ഗ്രൂപ്പും ഉമ്മൻചാണ്ടിയും അതിനോട് വിസമ്മതം അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ഉമ്മൻചാണ്ടി തുടരണമെന്ന ആവശ്യമാണ് എ ഗ്രൂപ്പിനുള്ളത്.
ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് നിലവിൽ ഉമ്മൻചാണ്ടി പോകേണ്ട സഹചര്യമില്ലെന്നാണ് എഗ്രൂപ്പിന്റെ നിലപാട്. അടൂർ പ്രകാശിനെ ആലപ്പുഴയിലേയ്ക്ക് മാറ്റിയാൽ ആറ്റിങ്ങലിൽ പുതിയ ഒരാളെ കണ്ടെത്തണം. ആറ്റിങ്ങലിൽ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ അടൂർപ്രകാശ് അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പുതിയ നീക്കം ആറ്റിങ്ങലിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തേയും ബാധിക്കുമെന്ന ആശങ്കയിലാണ് മണ്ഡലത്തിലെ കോൺഗ്രസ് നേതൃത്വം.
എറണാകുളത്തും കെവി തോമസിനെതിരെ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ട്. തോമസിനെ മാറ്റി പുതുമുഖങ്ങളെ ഇറക്കണമെന്ന ആവശ്യം എറണാകുളം ഡി.സിസിയിൽ തന്നെ ഉയർന്നിരിക്കുകയാണ്. ഹൈബി ഈഡൻ ഉൾപ്പടെയുള്ള യുവനേതാക്കളെ പരിഗണിക്കണമെന്ന ആഭിപ്രായം ശക്തമാണ്. സിറ്റിംഗ് എംഎൽ.എമാരെ മത്സരിപ്പിക്കേണ്ടെന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ തന്നെയുണ്ട്.
ഇന്നു രാവിലെ പതിനൊന്നിന് ദില്ലിയിലെ കോൺഗ്രസ് ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മറ്റി യോഗം ചേരുന്നുണ്ട്. മുതിർന്ന നേതാക്കാൾ മത്സരിക്കാനില്ലെന്ന നിലപാട് സ്വീകരിക്കുന്നത് വിജയത്തെ ബാധിക്കുമെന്ന അഭിപ്രായം യോഗത്തിൽ ഉയരും. കൂട്ടത്തോടെ മുതിർന്ന നേതാക്കൾ മാറി നിൽക്കുന്നത് സമീപകാല കോൺഗ്രസ് ചരിത്രത്തിൽ ആദ്യമാണ്.