തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ ആ നിമിഷം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടവും നിലവിൽ വരും. കടുകട്ടിയായ പെരുമാറ്റച്ചട്ടം പാലിക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും ഏറെ ശ്രദ്ധിക്കേണ്ടി വരും. പെരുമാറ്റച്ചട്ടം ലംഘിച്ചാൽ തെരഞ്ഞെടുപ്പ് അസാധുവാകാം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കും വരാം. കൂടാതെ തടവുശിക്ഷയും പിഴയും ഏറ്റുവാങ്ങേണ്ടിയും വരാം.
രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും മാത്രമല്ല, സർക്കാർ ജീവനക്കാർക്കും മാധ്യമങ്ങൾക്കും വരെ പെരുമാറ്റച്ചട്ടം ബാധകമാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ വോട്ടെണ്ണൽ പൂർത്തിയായി വിജയിയെ പ്രഖ്യാപിക്കുന്നതു വരെ പെരുമാറ്റച്ചട്ടം നിലനിൽക്കും.
പോലീസിന്റെയും അർധ-സൈനിക വിഭാഗങ്ങളുടെയും വിന്യാസത്തിന്റെ ഭാഗമായി ലോക്സഭാ തെരഞ്ഞെടുപ്പു പല ഘട്ടങ്ങളിലായി നടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു നടപടികൾ മാത്രം ഒരു മാസത്തിൽ കൂടുതൽ നീളും. തെരഞ്ഞെടുപ്പു പ്രചാരണം അടക്കമുള്ള പ്രവർത്തനങ്ങൾക്കായുള്ള സമയം കൂടി കണക്കാക്കുന്പോൾ പെരുമാറ്റച്ചട്ടം ഏതാണ്ടു മൂന്നു മാസം വരെ നീളാം.
വർഗീയമായി തെരഞ്ഞെടുപ്പിനെ ഉപയോഗിച്ചതായി തെളിഞ്ഞാൽ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കാൻ വ്യവസ്ഥയുണ്ട്. മതപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉളവാക്കുന്നതോ ഇത്തരം ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാർഥികളോ ഏർപ്പെടുവാൻ പാടില്ലെന്നും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നു തെളിഞ്ഞാൽ മൂന്നു വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാനും വ്യവസ്ഥയുണ്ട്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിർദേശങ്ങൾ
• വിദ്യാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, റെസ്റ്റ് ഹൗസുകൾ, ഗസ്റ്റ്ഹൗസുകൾ എന്നിവിടങ്ങൾ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ല.
• പ്രചാരണ പ്രവർത്തനങ്ങൾക്കായി ഒൗദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.
• പ്രചാരണവുമായി ബന്ധപ്പെട്ട പൊതു പരിപാടികൾ, യോഗങ്ങൾ, ജാഥകൾ, എന്നിവയ്ക്കായി സർക്കാർ സംവിധാനം ഉപയോഗിക്കാൻ പാടില്ല.
• സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും പൊതു പ്രചാരണ പരിപാടികളുടെ ഭാഗമാകാൻ പാടില്ല.
• കക്ഷി നേതാക്കളുടെയും പ്രവർത്തകരുടെയും പൊതു പ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും വിമർശിക്കാൻ പാടില്ല. വ്യക്തിഹത്യ നടത്തിയതിനു തെരഞ്ഞെടുപ്പു വിജയം റദ്ദാക്കിയ സംഭവങ്ങളുമുണ്ട്.
• അടിസ്ഥാന രഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങൾ ഉന്നയിച്ച് സ്ഥാനാർഥികളേയും കക്ഷി നേതാക്കളേയും വിമർശിക്കാൻ പാടില്ല.
• ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ട് ചോദിക്കാനോ ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കാനോ പാടില്ല.
• സമ്മതിദായകർക്കു കൈക്കൂലി നൽകൽ, ഭീഷണിപ്പെടുത്തൽ, സമ്മതിദായകരായി ആൾമാറാട്ടം നടത്തൽ എന്നിവ ചട്ടലംഘനം മാത്രമല്ല, ക്രിമിനൽ കുറ്റം കൂടിയാണ്.
• മുനിസിപ്പാലിറ്റിയിൽ പോളിംഗ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളിലും പഞ്ചായത്തിൽ 200 മീറ്ററിനുള്ളിലും വോട്ടെടുപ്പ് ദിനത്തിൽ വോട്ട് അഭ്യർഥിക്കാനോ പോസ്റ്ററുകളോ തോരണങ്ങളോ പതിക്കാനോ പാടില്ല.
• വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് തൊട്ടുമുൻപുള്ള 48 മണിക്കൂറിൽ പൊതുയോഗങ്ങളോ മൈക്ക് അനൗണ്സ്മെന്റുകളോ മറ്റു ശബ്ദ പ്രചാരണ പ്രവർത്തനങ്ങളോ പാടില്ല.
• പോളിംഗ് സ്റ്റേഷനിലേക്കും അവിടെനിന്നു തിരിച്ചും സമ്മതിദായകരെ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് നിയമപ്രകാരം കുറ്റകൃത്യമായി കണക്കാക്കും.
• ഒരു വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ അനുവാദം കൂടാതെ ബാനർ, കൊടിമരം എന്നിവ നാട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കാൻ പാടില്ല.
• സർക്കാർ ഓഫീസുകളിലും അവയുടെ കോന്പൗണ്ടിലും പരിസരത്തും ചുവർ എഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ പാടില്ല.
• പൊതുസ്ഥലത്തു പരസ്യങ്ങളും ബോർഡുകളും പ്രചാരണോപാധികളും സ്ഥാപിക്കുന്നതിന് തടസമില്ലെങ്കിൽ അവിടെ പരസ്യങ്ങൾ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും തുല്യ അവസരം നൽകണം. പ്രത്യേക കക്ഷിക്കോ സ്ഥാനാർഥിക്കോ മാത്രമായി പൊതു സ്ഥലവും മാറ്റിവച്ചിട്ടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പുവരുത്തണം.
• രാഷ്ട്രീയ കക്ഷികളോ സ്ഥാനാർഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവ എഴുതി വികൃതമാക്കാൻ പാടില്ല. അത്തരത്തിൽ പരാതി ലഭിച്ചാൽ അവ ഉടൻ നീക്കം ചെയ്യാൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നോട്ടീസ് നൽകും. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കിൽ നടപടി സ്വീകരിക്കണം. ഇതിനുള്ള ചെലവു ബന്ധപ്പെട്ട സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനോടു ചേർക്കും.