സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം വന്നതോടെ അങ്കത്തട്ടിൽ സജീവമായി എൽഡിഎഫ്. ഇടതുമുന്നണിയുടെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചതോടെയാണ് ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങളിൽ ഇടതുമുന്നണിക്കു മേൽക്കൈ നേടാനായത്.
സ്ഥാനാർഥിത്വം ലഭിക്കുമെന്ന് ഉറപ്പുള്ള കോണ്ഗ്രസ് പ്രതിനിധികളും അനൗദ്യോഗിക പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. എന്നാൽ, ഒന്നിലേറെ പേരുടെ പട്ടികയുള്ള മണ്ഡലങ്ങളിൽ അനിശ്ചിതത്വം തുടരുകയാണ്. ഡൽഹിയിൽ ഇന്നു നടക്കുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ പൂർണ സ്ഥാനാർഥി പട്ടിക രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്നാണു കോണ്ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. സ്ഥാനാർഥികളെ പ്രഖ്യാപിച്ച യുഡിഎഫിലെ ഘടകകക്ഷികൾ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ്.
ബിജെപിയുടെ സംസ്ഥാനത്തെ സ്ഥാനാർഥികളെ കണ്ടെത്തുന്നതിനായി കോർ കമ്മിറ്റി യോഗം ഇന്നു ചേരുന്നുണ്ട്. കോർ കമ്മിറ്റിയിൽ ഉരുത്തിരിയുന്ന പട്ടിക കേന്ദ്ര നേതൃത്വത്തിനു കൈമാറും. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ബിജെപി സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനമാകൂ. ഘടകകക്ഷിയായ ബിഡിജെഎസുമായി സീറ്റു ധാരണയായെന്നു നേതാക്കൾ പറയുന്നുണ്ടെങ്കിലും സീറ്റുകളിലും സ്ഥാനാർഥികളിലും ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
യുഡിഎഫ്
കോണ്ഗ്രസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ഇന്നു ഡൽഹിയിൽ നടക്കുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിനു ശേഷം വൈകുന്നേരത്തോടെ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നു യുഡിഎഫ് കണ്വീനർ ബെന്നി ബെഹനാൻ ദീപികയോടു പറഞ്ഞു. എൽഡിഎഫിനൊപ്പം യുഡിഎഫിന്റെ മുഴുവൻ സ്ഥാനാർഥികളും വൈകാതെ പ്രചാരണരംഗത്തു സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോണ്ഗ്രസ് സ്ഥാനാർഥികളാകുമെന്നു ധാരണയായ ശശി തരൂർ (തിരുവനന്തപുരം), അടൂർ പ്രകാശ് (ആറ്റിങ്ങൽ), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), എം.കെ. രാഘവൻ (കോഴിക്കോട്), കെ. സുധാകരൻ (കണ്ണൂർ) തുടങ്ങിയവർ അനൗദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഐഎൻടിയുസിയുടെയും പാർട്ടി മണ്ഡലം കമ്മിറ്റികളുടെയും പേരിൽ ശശിതരൂരിനു തിരുവനന്തപുരത്തേക്കു സ്വാഗതം എന്നിങ്ങനെയുള്ള ബോർഡുകളും ഹോർഡിംഗ്സുകളുമാണ് അവിടെ നിരന്നിട്ടുള്ളത്.
എൽഡിഎഫിലെ കരുത്തന്മാരായ സ്ഥാനാർഥികളെ നേരിടാൻ ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിർന്ന സ്ഥാനാർഥികൾ വേണമെന്ന അഭിപ്രായവുമുണ്ട്. എന്നാൽ, ഉമ്മൻ ചാണ്ടിയെ സംസ്ഥാന രാഷ്ട്രീയത്തിൽ നിലനിർത്തണമെന്ന ആവശ്യവുമായി എ ഗ്രൂപ്പും രംഗത്തെത്തി.
ഘടകകക്ഷികളായ മുസ്ലിം ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം), ഇ.ടി. മുഹമ്മദ് ബഷീർ (പൊന്നാനി) എന്നിവരും പ്രചാരണ രംഗത്തു സജീവമാണ്. നേരത്തെ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച ആർഎസ്പിയുടെ കൊല്ലത്തെ എൻ.കെ. പ്രേമചന്ദ്രനും പ്രചാരണ രംഗത്ത് ഏറെ മുന്നിലാണ്.
എൽഡിഎഫ്
20 പാർലമെന്റ് മണ്ഡലങ്ങളിലും ആദ്യമേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച എൽഡിഎഫ് പ്രചാരണ പ്രവർത്തനങ്ങളിൽ ഒരു പടി കൂടി കടന്നു പാർലമെന്റ് മണ്ഡലം കണ്വൻഷനുകൾ തുടങ്ങി. താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ബൂത്തുതല യോഗങ്ങൾ 20 മുതൽ ചേരുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. സിപിഎമ്മിന്റെയും സിപിഐയുടെയും സ്ഥാനാർഥികളുടെ ആദ്യ ഘട്ട പോസ്റ്റുകളും പതിച്ചു കഴിഞ്ഞു.
സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട പ്രതികൂല ഘടകങ്ങൾ തരണം ചെയ്യാൻ ജയത്തിനു വഴിതേടിയുള്ള സ്ഥാനാർഥിപട്ടികയാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ളത്. സീറ്റു ലഭിക്കാതിരുന്ന ഘടകകക്ഷികളായ എൽജെഡിയും ജനതാദൾ- എസ് എന്നിവയിൽനിന്ന് ഒറ്റപ്പെട്ട എതിർ ശബ്ദങ്ങളും ഉയരുന്നുണ്ട്.
എൻഡിഎ
ബിജെപിക്ക് തിരുവനന്തപുരം ഒഴികെ മറ്റൊരിടത്തും സ്ഥാനാർഥികളെ സംബന്ധിച്ചു സൂചന പോലും നൽകാൻ കഴിഞ്ഞിട്ടില്ല. ഗവർണർ സ്ഥാനം രാജിവച്ചെത്തിയ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തു മത്സരിക്കുമെന്നാണു പൊതുവേ കരുതപ്പെടുന്നത്. എന്നാൽ, ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
പല മണ്ഡലങ്ങളിലും പല പേരുകളും പറഞ്ഞുകേൾക്കുന്നുണ്ട്. ഇന്നു ചേരുന്ന കോർ കമ്മിറ്റിയിൽ സ്ഥാനാർഥിപട്ടിക ദേശീയ നേതൃത്വത്തിനു കൈമാറാനാകുമെന്നാണു പ്രതീക്ഷ. എൻഡിഎ മുന്നണിയിലെ ഘടകകക്ഷിയായ ബിഡിജെഎസുമായുള്ള സീറ്റ് നിർണയത്തിലും അന്തിമ തീരുമാനമെത്തിയിട്ടില്ല.
തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വരെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർഥിത്വത്തിൽ ബിഡിജെഎസ് തീരുമാനമെടുത്തിട്ടില്ല. സ്ഥാനാർഥി പട്ടികയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതു കേന്ദ്ര നേതൃത്വമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ദീപികയോടു പറഞ്ഞു.
സ്ഥാനാർഥികളുടെ കാര്യത്തിൽ സംസ്ഥാന ഘടകത്തിൽ ധാരണയായിട്ടുണ്ട്. ഇന്നു കോർ കമ്മിറ്റിയും ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.