കോട്ടയം: യുവതികളെ അപമാനിച്ച സംഭവത്തിൽ ഇന്നലെ രണ്ടു പേരെ പോലീസ് അറസറ്റു ചെയ്തു. എരുമേലിയിലും കുമരകത്തുമാണ് യുവതികളെ അപമാനിച്ച സംഭവങ്ങളുണ്ടായത്. എരുമേലിയിൽ അയൽവാസിയാണ് അറസ്റ്റിലായത്. വീടിനു പിന്നിൽ നിന്ന യുവതിയെ പിന്നിലൂടെ വന്ന് കടന്നുപിടിച്ചുവെന്നാണ് പരാതി. എരുമേലി സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.
കുമരകം പക്ഷിസങ്കേതത്തിൽ എത്തിയ തമിഴ്നാട് സ്വദേശിനിയെ കടന്നു പിടിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോൾ പോലീസിനെ ആക്രമിച്ചതിനും കേസുണ്ട്. നെടുമങ്ങാട് സ്വദേശി സാദത്ത് അലി (29) യെയാണ് കുമരകം പോലീസ് അറസ്റ്റു ചെയ്തത്. യുവതിയെ അപമാനിക്കാൻ ശ്രമിച്ചതിനും പോലീസുകാരെ മർദിച്ചതിനുമാണു ഇയാൾക്കതെിരേ കേസെടുത്തത്.
കുമരകം കവണാറ്റിൻകര കെടിഡിസി പക്ഷിസങ്കേതത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നാണ് സംഭവം. ചെന്നൈ സ്വദേശിനി ഭർത്താവുമൊത്ത് പക്ഷിസങ്കേതത്തിൽ സന്ദർശനം നടത്തി മടങ്ങവേ നടപ്പാതയിൽ വച്ചു ഇയാൾ യുവതിയെ അപമാനിക്കാൻ ശ്രമിച്ചു. തുടർന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ എത്തി കുമരകം പോലീസിൽ വിവരമറിയിച്ചു.
പക്ഷിസങ്കേതത്തിലെത്തിയ വനിത സിവിൽ പോലീസ് ഉദ്യോഗസ്ഥ സൗമ്യ, സിവിൽ പോലീസ് ഓഫീസർമാരായ അർജുൻ, ഭാസി എന്നിവർ ചേർന്ന് സാദത്തഅലിയെ പിടികൂടുന്നതിനിടെയാണ് ഇവരെ മർദിച്ചത്. പരിക്കേറ്റ പോലീസുകാർ ജനറൽ ആശുപത്രിയിൽ ചികിത്സ നേടി. ഇൻസ്റ്റോൾമെന്റ നടത്തിപ്പുകാരന്റെ പിരിവുകാരനാണ് പ്രതി.