സി. അനിൽകുമാർ
പാലക്കാട്: വന്യജീവികളുടെ ആക്രമണംമൂലം പൊറുതിമുട്ടുന്ന കർഷകർക്കു സർക്കാർ നടപടികളും തിരിച്ചടിയാകുന്നു. ഇതോടെ കഷ്ടനഷ്ടങ്ങൾക്കുപുറമെ ജീവനും സ്വത്തിനും സംരക്ഷണംതേടി മലയോര ജില്ലകളിൽ കർഷകരുടെ വിലാപമുയരുന്നു. കാടിറങ്ങുന്ന വന്യജീവികൾക്കിട യിൽ ഴിയുന്പോഴാണു സർക്കാരിന്റേയും അവഗണനയേൽക്കുന്നതെന്ന് കർഷകർ. പ്രകൃതി ദുരന്തങ്ങൾക്കുപുറമെ വന്യജീവി ശല്യം മൂലമുള്ള നഷ്ടങ്ങളിൽ സഹായധനം നാമമാത്രമാകുന്നതും കിട്ടാൻ വൈകുന്നതുമാണ് കർഷകർക്ക് ഇരുട്ടടിയാകുന്നത്.
പൊതുവിൽ വനം, റവന്യൂ, കൃഷി വകുപ്പുകളുമായി സമരം ചെയ്തും സമരസപ്പെട്ടുമാണ് മലയോര കർഷകരുടെ ജീവിതം. ഇതിൽ വനം, കൃഷി വകുപ്പുകളുമായായാണ് കൂടുതൽ ഇടപെടൽ. ആന, പുലി, കടുവ, കരടി, കുരങ്ങ്, മാൻ, മയിൽ എന്നിവ മലയോരമേഖലകളിൽ നിത്യേന ഭീഷണിയും നാശവും വിതച്ചുകൊണ്ടിരിക്കുകയാണ്. കാട്ടാന ആക്രമണത്തിൽമാത്രം പത്തുവർഷത്തിനുള്ളിൽ 50-ഓളംപേർ കൊല്ലപ്പെട്ടിട്ടുള്ള ജില്ലയാണ് പാലക്കാട്.
നെല്ല്, തെങ്ങ്, കമുക്, റബർ ഉൾപ്പടെയുള്ള കാർഷികവിളകളുടെ നാശം വേറെയും. ആട്, പശു, പട്ടി ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നത് വേറെയും. പാലക്കാട് ജില്ലയുടെ മലയോരമേഖലകളായ വടക്കഞ്ചേരി, മലന്പുഴ, മണ്ണാർക്കാട്, അട്ടപ്പാടി എന്നിവിടങ്ങളിൽ രണ്ടുവർഷത്തിനുള്ളിൽമാത്രം നൂറോളം ആടുകളാണ് പുലിക്ക് ഇരയായിട്ടുള്ളത്.
ആനയും കടുവയും ആക്രമിച്ച കന്നുകാലികളുടെ കണക്ക് വേറെയും. കാർഷികവിളകളുടെ വിലയിടിവിനു പുറമെയാണ് ഇത്തരം നഷ്ടങ്ങളും കർഷകർ സഹിക്കുന്നത്. ആശ്വാസം നൽകേണ്ട സർക്കാർവകുപ്പുകളും കാര്യക്ഷമമായി ഇടപെടാത്തത് ഇവരെ വലയ്ക്കുകയാണ്. കാട്ടാന ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെട്ടാലുള്ള നഷ്ടപരിഹാര തുക പത്തു ലക്ഷമായി അടുത്തിടെ ഉയർത്തിയിരുന്നു.
കാർഷികവിളകൾ നശിച്ചാൽ കൃഷിവകുപ്പിൽനിന്ന് ലഭിക്കുന്നത് നാമമാത്രമായ തുകയാണ്. മണ്ണാർക്കാട് കണ്ടമംഗലം സ്വദേശി സോണി എന്ന കർഷകന്റെ അഞ്ഞൂറോളം റബർമരങ്ങൾ മാൻ നശിപ്പിച്ചത് വർഷങ്ങൾക്കു മുന്പാണ്. തോട്ടംതന്നെ ഉപേക്ഷിക്കേണ്ടിവന്നു. ഇദ്ദേഹത്തിന്റെ തന്നെ ഒരാടിനെയും കഴിഞ്ഞവർഷം പുലി കൊന്നുതിന്നു. ഇതുവരേയും ധനസഹായം ലഭ്യമായിട്ടില്ല. വനംവകുപ്പ് ഓഫീസുകളിൽ നഷ്ടപരിഹാരത്തിനായി നൂറുക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്.
ഫണ്ടിന്റെ അപര്യാപ്തതയും വകുപ്പുകൾക്കുണ്ടെന്നാണ് അറിയുന്നത്. വനംവകുപ്പിന്റെ നഷ്ടപരിഹാര തുക വെറും നാമമാത്രമാണ്. പതിനായിരം രൂപ വിലയുള്ള ആടിന് രണ്ടായിരമേ ലഭിക്കൂ. വനംവകുപ്പ് ഈ തുക നൽകുന്നത് മൃഗസംരക്ഷണവകുപ്പിൽ നിന്നുള്ള സർക്കാർ ഉത്തരവുപ്രകാരം മാത്രമാണ്. കറവയുള്ള പശു, അല്ലാത്തത്, ആട് വലുത്, ചെറുത് എന്നിങ്ങനെയാണ് മാനദണ്ഡക്രമങ്ങൾ. തുകലഭ്യമാകാനും നടപടി ക്രമങ്ങളും ഏറെയുണ്ട്.
വളർത്തുമൃഗങ്ങൾ ചത്താൽ അവയുടെ പോസ്റ്റുമോർട്ടം ചെലവ്, വെറ്ററിനറി ഡോക്ടറുടെ ചെലവ് ഉൾപ്പടെയുള്ളവ കർഷകൻ ചെലവാക്കണം. തുക ലഭ്യമായാൽ ചെലവാക്കിയതിനു താഴെയായിരിക്കും ഇത്. ആയതിനാൽ നഷ്ടപരിഹാര തുക ലഭിക്കാൻ കർഷകർ മുന്നോട്ടുവരാത്ത സ്ഥിതിയുമുണ്ട്. വന്യജീവി ആക്രമണംമൂലമുള്ള നഷ്ടപരിഹാര തുക ഉയർത്തണമെന്നുള്ള കർഷകരുടെ ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ‘
നഷ്ടം സംഭവിച്ച വിളകളിൽനിന്ന് എത്രമാത്രം ആദായം ലഭിക്കുമായിരുന്നോ എന്നുള്ള കണക്കെടുത്ത് അത് ഗഡുക്കളായി വർഷാവർഷം നൽകണമെന്നുള്ള ആവശ്യവും കർഷക സംഘടനകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. ചില ഫോറസ്റ്റ് ഡിവിഷനിൽ മാത്രം ശന്പള ഇനത്തിൽ അന്പതുലക്ഷത്തോളം രൂപ പ്രതിമാസം സർക്കാരിനു ചെലവഴിക്കേണ്ടി വരുന്നുണ്ട്. എന്നാൽ ആടിനെ പുലി പിടിച്ച വകയിൽ കിട്ടേണ്ട തുച്ഛമായ തുക നൽകാൻപോലും ഫണ്ടില്ലെന്നു പറയുന്നത് കർഷകദ്രോഹമാണെന്ന് കർഷകർ പറയുന്നു.