തൃശൂർ: ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം, തിരുവനന്തപുരത്തു നടന്ന കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയിലെ പുരസ്കാര ചിത്രങ്ങളുൾപ്പെടെ 75 ഓളം ചിത്രങ്ങൾ ഈ മാസം 15ന് ആരംഭിക്കുന്ന തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെത്തും.
കാൻ ഫെസ്റ്റിവലിൽ പാം ഡി ഓർ നേടിയ ജപ്പാനീസ് സിനിമ “ഷോപ്പ് ലിഫ്റ്റേഴ്സ്’, കാനിൽ സ്പെഷൽ പാം ഡി ഓർ കരസ്ഥമാക്കിയ ഗൊദാർഡിന്റെ “ഇമേജ്ബുക്ക്’, കാൻ ജൂറി പ്രൈസ് നേടിയ ലെബനൻ സംവിധായിക നദീൻ ലെബാക്കിയുടെ “കാപ്പർനോം’ തുടങ്ങിയവയാകും മുഖ്യ ആകർഷണം.
നൂറി ബിൽഗേ സിലാൻ സംവിധാനം ചെയ്ത “ദി വൈൽഡ് പിയർ ട്രി’ തിരുവനന്തപുരത്തു നടന്ന ഐഎഫ്എഫ്കെ 2018ൽ മികച്ച സിനിമയായി തെരഞ്ഞെടുത്ത ഇറാനിയൻ സിനിമ “ഡാർക്ക് റൂം’, ചൈനീസ് ചിത്രം “ദി ഏഷ് ഈസ് ദി പ്യുവർ വൈറ്റ്’, അർജന്റൈൻ സിനിമ “ദി ബെഡ്’, ഈജിപ്ഷ്യൻ സിനിമ “യൊമേദിൻ’ (ജഡ്ജ്മെന്റ് ഡേ), പ്രശസ്ത ഫ്രഞ്ച് സിനിമ “അറ്റ് വാർ’, ജർമൻ സിനിമകളായ “ഹോം വിത്തൗട്ട് റൂഫ്’, “മാജിക്കൽ മിസ്റ്ററി’ ഉൾപ്പെടെ ലോകത്തിലെ നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരം നേടിയ സിനിമകൾ എത്തുന്നുണ്ട്.
നാലാമതു തൃശൂർ അന്താരാഷ്ട ചലച്ചിത്രോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടർ പ്രശസ്ത സൗണ്ട് ഡിസൈനർ ടി. കൃഷ്ണനുണ്ണിയാണ്. “ജനാധിപത്യ’മാണ് ഈ വർഷത്തെ ചലച്ചിത്രോത്സവത്തിന്റെ മുഖ്യ പ്രമേയം. 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ തൃശൂർ രവികൃഷ്ണ/രാമദാസ് തിയേറ്ററിലും, തൃശൂർ പ്രസ്ക്ലബ് ഓഡിറ്റോറിയത്തിലുമാണ് ഫിലിം ഫെസ്റ്റിവൽ.
തൃശൂർ ചലച്ചിത്രകേന്ദ്രം, തൃശൂർ കോർപറേഷൻ, തൃശൂർ ജില്ലാ പഞ്ചായത്ത്, കെ.എം.ജോസഫ് ട്രസ്റ്റ്, ബാനർജി ക്ലബ്ബ്, എഫ്എഫ്എസ് കേരളം, കേരള ചലച്ചിത്ര അക്കാദമി, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽ ന്യൂഡൽഹി എന്നിവയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഐഎഫ്എഫ്ടിയുടെ സാറ്റലൈറ്റ് പ്രദർശനങ്ങൾ ഇക്കുറി തൃപ്രയാർ, ഇരിങ്ങാലക്കുട, വടക്കഞ്ചേരി, മാള, ഗുരുവായൂർ എന്നിവിടങ്ങളിലെ അതാതു ഫിലിം സൊസൈറ്റികളുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.