തൃശൂർ: അക്രമരാഷ്ട്രീയവും മതേതരത്വത്തിനു നേരെ ഉയരുന്ന വെല്ലുവിളികളുമാണു ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ചർച്ചയാവുകയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഡിജിറ്റൽ സെൽ മധ്യമേഖലാ ശില്പശാല ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ പ്രചാരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു കോണ്‍ഗ്രസ് ഐടി സെല്ലിന്റെ പ്രവർത്തനം ഉൗർജിതമാക്കിയത്.
എന്നാൽ കോണ്‍ഗ്രസിനു ദോഷകരമായ രീതിയിൽ സോഷ്യൽമീഡിയാ പ്രവർത്തനം നടത്തരുതെന്നും ചെന്നിത്തല ഓർമിപ്പിച്ചു. എതിർപാർട്ടികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്പോൾ അവരെ ചെളിവാരിയെറിയാതെ വസ്തുതകൾവച്ചു മറുപടി നൽകണം. നിഷ്പക്ഷരായ വോട്ടർമാരെ സ്വാധീനിക്കുകയാണ് പ്രധാനഘടകമെന്നും അദ്ദേഹം പറഞ്ഞു.
ഐടി സെൽ കണ്‍വീനർ അനിൽ ആന്റണി അധ്യക്ഷനായി. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹന്നാൻ, പ്രഫ. കെ.വി. തോമസ് എംപി, എംഎൽഎമാരായ അനിൽ അക്കര, അൻവർ സാദത്ത്, റോജി ജോണ്‍, മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, മുൻ ഡിസിസി പ്രസിഡന്റുമാരായ ഒ. അബ്ദുറഹിമാൻകുട്ടി, പി.എ. മാധവൻ, കെപിസിസി സെക്രട്ടറി എൻ.കെ. സുധീർ, ഐടി സെൽ ജില്ലാ ചെയർമാൻ വിജയ് ഹരി എന്നിവർ പ്രസംഗിച്ചു.