കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഫ്ലക്സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രചാരണ ബോർഡുകളുമായി രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും രംഗത്തെത്തിയതിനു പിന്നാലെയാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്. പ്രചാരണ പ്രവർത്തനങ്ങൾ പരമാവധി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാകണമെന്നും നശിക്കാത്ത ഒരു വസ്തുക്കളും പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു.
ആറ്റിങ്ങൽ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഫ്ളെക്സുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടു കോടതി നേരത്തെതന്നെ ഉത്തരവു നൽകിയിരുന്നുവെങ്കിലും ഇതു നടപ്പാക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ വീഴ്ച വരുത്തുന്നുവെന്നു കണ്ട് കർശന നടപടികൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർ നോട്ടീസുകൾ പുറപ്പെടുവിച്ചിരുന്നു.
നിരോധിക്കപ്പെട്ട ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളവർ തങ്ങളുടെ ചെലവിൽത്തന്നെ ഇവ നീക്കം ചെയ്യണമെന്നാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ നോട്ടീസ്. കോടതി ഉത്തരവ് പ്രകാരം അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഏതൊരു ഫ്ളെക്സ് ബോർഡിനെതിരേയും 2018 ഒക്ടോബർ 30നുശേഷം സെക്രട്ടറിമാർ നടപടിയെടുത്തേ മതിയാകൂ. ഇത്തരത്തിൽ നടപടി ഉണ്ടാകുന്നില്ലെങ്കിൽ അതിന് ഉത്തരവാദികൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാരായിരിക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
ഫ്ളെക്സിനു നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രചാരണം ചെലവേറിയതാകുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ. സ്ഥാനാർഥികളെ നിർണയിച്ചതോടെ എൽഡിഎഫ് മണ്ഡലം കമ്മിറ്റികൾ ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചു തുടങ്ങിയിരുന്നു. എന്നാൽ, കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് ഇതു നീക്കം ചെയ്യേണ്ടിവരും.
കേരളത്തിൽ ഹരിതച്ചട്ടം പ്രചാരണവും വ്യാപകമാണ്. ഇതനുസരിച്ച് ഫ്ളെക്സ് ബോർഡുകൾക്കു നിയന്ത്രണമുള്ളതാണ്. പുനഃചംക്രമണ സാധ്യതയുള്ള ബാനറുകളും മറ്റും ഉപയോഗിക്കണമെന്നാണു ഹരിതമിഷന്റെ നിർദേശം. എന്നാൽ ഇത്തരം ബോർഡുകൾക്കു ചെലവേറും.