അതിർത്തിയിലെ സംഘർഷത്തിന് അയവില്ലെങ്കിലും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മധുരം വിളമ്പി ഇന്ത്യക്കാരന് വധുവായി പാക് യുവതിയെത്തി. ഹരിയാനയിലെ അംബാല ജില്ലയിൽപ്പെട്ട തേപ്ല ഗ്രാമവാസിയായ പർവീന്ദർ സിംഗാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽപ്പെട്ട സിയാൽകോട്ട് സ്വദേശിനിയായ കിരൺ സർജിത് കൗറിന് കഴിഞ്ഞ ദിവസം മിന്നുചാർത്തിയത്.
ശനിയാഴ്ച പട്യാലയിലെ ശ്രീഖേൽസാഹിബ് ഗുരുദ്വാരയിൽ സിക്ക് മതാചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിനായി ഫെബ്രുവരി 28ന് എത്താൻ തീരുമാനിച്ചിരുന്ന വധുവിനും ബന്ധുക്കൾക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തടസമായി. സമ്മർദങ്ങൾക്കൊടുവിൽ 45 ദിവസത്തെ വീസ അനുവദിക്കുകയും കഴിഞ്ഞ വ്യാഴാഴ്ച സംജോധ എക്സ്പ്രസിൽ വധുവും ബന്ധുക്കളും ഇന്ത്യയിലെത്തുകയുമായിരുന്നു.
പഞ്ചാബിലെ പട്യാല വരെ എത്താനുള്ള വീസയാണ് പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസി അനുവദിച്ചത്. ഇതോടെ വരൻ പർവീന്ദർസിംഗും ബന്ധുക്കളും പട്യാലയിലെത്തുകയും അവിടത്തെ ഗുരുദ്വാരയിൽ വിവാഹം നടത്തുകയുമായിരുന്നു. മുപ്പത്തി മൂന്നുകാരനായ പർവീന്ദർസിംഗിന്റെ അകന്ന ബന്ധുവാണ് ഇരുപത്തേഴുകാരിയായ കിരൺ സർജിത് കൗർ.
2014-ൽ കിരൺ പട്യാലയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് ആദ്യമായി പർവീന്ദറിനെ കാണുന്നത്. തുടർന്ന് വിവാഹം ഉറപ്പിക്കുകയും 2016ൽ കിരണ് സർജിതിന്റെ പട്യാലയ്ക്കടുത്ത് സമാനയിലുള്ള മാതൃസഹോദരന്റെ വീട്ടിൽവച്ച് വിവാഹനിശ്ചയം നടത്തുകയുംചെയ്തു. എന്നാൽ, വീസ ലഭിക്കാൻ വൈകിയതോടെ വിവാഹം നീണ്ടുപോകുകയായിരുന്നു.
സിയാൽകോട്ടിലെത്തി വിവാഹം നടത്തുകയെന്നതായിരുന്നു പർവീന്ദറിന്റെയും കുടുംബാംഗങ്ങളുടെയും ആഗ്രഹം. എന്നാൽ, പർവീന്ദറിന് പാക്കിസ്ഥാൻ വീസ നിഷേധിച്ചതോടെ കാര്യങ്ങൾ സങ്കീർണമായി. പർവീന്ദർസിംഗിന്റെ നാടായ അംബാലയിലെത്താനുള്ള വീസ കിരൺ സർജിതിന് ലഭിക്കാത്തതിനാൽ വിവാഹശേഷവും ദമ്പതികൾ പട്യാലയിലെ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. അംബാലയിൽ സ്വകാര്യ മൊബൈൽ കമ്പനിയിൽ ജീവനക്കാരനാണ് പർവീന്ദർസിംഗ്. കിരൺ സർജിത് സിയാൽകോട്ടിലെ വാൻ ഗ്രാമത്തിലെ സ്കൂളിൽ അധ്യാപികയും.