മുംബൈ: ഓഹരിവിപണിയിൽ ആവേശം. എൻഡിഎ സഖ്യം 264 സീറ്റ് നേടുമെന്ന തെരഞ്ഞെടുപ്പ് സർവേഫലമാണ് കന്പോളത്തെ ഉത്സാഹിപ്പിച്ചത്. വിദേശ നിക്ഷേപകർ കൂടുതൽ പണം മുടക്കുമെന്നും റിപ്പോർട്ടുണ്ട്.
ആറു മാസത്തിനുള്ളിലെ ഏറ്റവും മികച്ച ഏകദിന കുതിപ്പായിരുന്നു ഇന്നലത്തേത്. സെൻസെക്സ് 382.67 പോയിന്റ് (1.04 ശതമാനം) കയറി 37,054.1 ൽ ക്ലോസ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 19ന് 37,121.22ൽ ക്ലോസ് ചെയ്തശേഷമുള്ള ഏറ്റവും ഉയർന്ന ക്ലോസിംഗാണിത്.
നിഫ്റ്റി 132.65 പോയിന്റ് (1.2 ശതമാനം) കയറി 11,168.05ൽ ക്ലോസ് ചെയ്തു. സെപ്റ്റംബർ 26നുശേഷമുള്ള ഏറ്റവും ഉയർന്ന ക്ലോസിംഗാണിത്.
മാർച്ചിൽ മാത്രം സെൻസെക്സ് 1253.78 പോയിന്റും നിഫ്റ്റി 375.55 പോയിന്റും കയറി. ബാലാകോട്ട് ആക്രമണത്തിനു ശേഷം ഓഹരി കന്പോളങ്ങൾ മെല്ലെ കയറുകയായിരുന്നു.
സിംഗപ്പൂർ ഗവൺമെന്റിന്റെ നിക്ഷേപ കന്പനി ഭാരതി എയർടെലിൽ 5000 കോടി രൂപ നിക്ഷേപിക്കുമെന്ന റിപ്പോർട്ടുകളെ തുടർന്ന് എയർടെൽ ഓഹരിവില എട്ടു ശതമാനം കയറി. റിലയൻസ് ഇൻഡസ്ട്രീസ് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ പ്രത്യേക കന്പനിയുടേതാക്കിയിട്ട് ഓഹരി വില്ക്കുമെന്ന റിപ്പോർട്ട് റിലയൻസിന്റെയും വില ഉയർത്തി.
ഇന്ത്യൻ ഓഹരികളെപ്പറ്റി വിദേശ ബ്രോക്കറേജുകൾ നല്ല പ്രതീക്ഷയാണു പുലർത്തുന്നത്. സെൻസെക്സ് ഇക്കൊല്ലം 40,000 കടക്കുമെന്നു ബിഎൻപി പാരിബ കരുതുന്നു. മോർഗൻ സ്റ്റാൻലി സെൻസെക്സ് 42,000 കടക്കുമെന്നു വിലയിരുത്തുന്നു. ബുൾ തരംഗമുണ്ടായാൽ 47,000 വരെ എത്താം, അഥവാ താഴോട്ടായാൽ 33,000 വരെയാകും സെൻസെക്സ് എന്ന് അവർ കണക്കാക്കുന്നു.
ഡോളറിന് 69.88 രൂപ
മുംബൈ: വിദേശനിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിലേക്കു വൻതോതിലുള്ള നിക്ഷേപവുമായി വരുമെന്ന റിപ്പോർട്ടുകൾ രൂപയ്ക്കു കരുത്തായി. ഡോളർവില വീണ്ടും 70 രൂപയ്ക്കു താഴെയായി. ഇന്നലെ മാത്രം 27 പൈസയാണു ഡോളറിനു കുറഞ്ഞത്. ഡോളർ 69.88 രൂപയിൽ ക്ലോസ് ചെയ്തു. വിദേശത്തു ക്രൂഡ് ഓയിൽ വില താണു നില്ക്കുന്നതും ഡോളറിനു ചില്ലറ ദൗർബല്യം ഉണ്ടായതും രൂപയ്ക്കു സഹായമായി.