കോഴിക്കോട്: ട്രോളുകള്‍ ഉണ്ടാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും സ്ഥാനാര്‍ഥികളുടെ മികവും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കാന്‍ സൈബര്‍ സഖാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദേശം. അനാവശ്യമായ ട്രോളുകള്‍ പോസ്റ്റ് ചെയ്ത് സമയം കളയാതെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനാണ് ഇടതു സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബിജെപിയെ പ്രധാന രാഷ്ട്രീയ ശത്രുവായി കണ്ടുകൊണ്ടാണ് നിലവില്‍ സിപിഎം പ്രചാരണ പരിപാടികള്‍ നടക്കുന്നത്. എന്നാല്‍ അത് ബിജെപി നേതാക്കളെ ട്രോളിക്കൊണ്ടാകരുത്. കാരണം ഇതിലൂടെ ലഭിക്കുന്ന പബ്ലിസിറ്റി എതിരാളികള്‍ക്ക് ഗുണകരമാകുമെന്ന് സിപിഎം നേതൃത്വം കരുതുന്നു.
മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്നും രാജിവച്ച് ഇപ്പോള്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കാനിറങ്ങുന്ന കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത ഇത്തരം ട്രോളുകളുടെ ഫലമാണെന്ന് പാര്‍ട്ടി കരുതുന്നു.
“കുമ്മനടി’ ഉള്‍പ്പെടെയുള്ള പ്രചരണങ്ങളും ട്രോളുകളും സിപിഎം സൈബര്‍ സഖാക്കളാണ് സോഷ്യല്‍ മീഡിയയിലുടെ വ്യാപകമായി പ്രചരിപ്പിച്ചത്. മാത്രമല്ല പ്രധാനമന്ത്രി മോഡിയുടെ ചിത്രങ്ങള്‍ വച്ചുകൊണ്ടുള്ള ട്രോളുകളും ഇത്തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു.
ഇതിന്റെ ഗുണവശം കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കാണ് ലഭിക്കുകയെന്നാണ് നേതാക്കള്‍ പറയുന്നത്. ബിജെപിയെും കോണ്‍ഗ്രസിനെയും എതിര്‍ക്കുമ്പോള്‍ തന്നെ സിപിഎമ്മിന്റെദേശീയ രാഷ്ട്രീയത്തിലെ പ്രസക്തി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രചാരണങ്ങള്‍ക്ക് തുടക്കമിടാനാണ് നിര്‍ദേശം.
കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍, പോരായ്മകള്‍, അഴിമതി എന്നിവ മാത്രം ഉയര്‍ത്തിക്കാട്ടുക. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ ഇടതു സ്ഥാനാര്‍ഥിയുടെ മികവ് തുടങ്ങിയവയ്ക്ക് വലിയ പിന്തുണ ലഭിക്കുന്നരീതിയില്‍ പ്രചാരണം കൊഴുപ്പിക്കാനാണ് നിര്‍ദേശം. കേരളത്തില്‍ നിലവില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത് ഇടതുമുന്നണിമാത്രമാണ്.