വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത് 17 സ്ത്രീകള്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് വിപ്ലവകരമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ആകെമൊത്തം 42 സീറ്റുകളുള്ള പശ്ചിമബംഗാളില്‍ 41 ശതമാനം സീറ്റുകളിലും വനിതകളാണ് മത്സരിക്കുന്നത്.
എല്ലാ പാര്‍ട്ടികളെയും താന്‍ വെല്ലുവിളിക്കുകയാണെന്നും തങ്ങള്‍ക്ക് 41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. ഇത് അഭിമാനമുഹൂര്‍ത്തമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര രംഗത്തെയും സാമൂഹിക രംഗത്തെയും പ്രമുഖരാണ് തൃണമൂലിന്റെ സ്ഥാനാര്‍ത്ഥികളാകുക. ആസാം, ജാര്‍ഖണ്ഡ്, ബിഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും.
പശ്ചിമ ബംഗാളിലെ പ്രശസ്ത ചലച്ചിത്ര താരങ്ങളായ മിമി ചക്രബോര്‍ത്തി, നസ്രത്ത് ജഹാന് എന്നിവരും തൃണമൂലിന്റെ സഥാനാര്‍ത്ഥി പട്ടികയിലുണ്ട്. ചലച്ചിത്രതാരം മൂണ്‍ മൂണ്‍ സെന്‍ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുക. ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ഥിയായ ബാബുല്‍ സുപ്രിയോയെയാകും മൂണ്‍ മൂണ്‍ എതിരിടുക.
മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ തൃണമൂല്‍ എം.പിയുമായ മൗസം നൂര്‍ മാണ്ഡ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. കൊലപ്പെട്ട തൃണമൂല്‍ എം.എല്‍.എ. സത്യജിത്ത് ബിശ്വാസിന്റെ ഭാര്യ രൂപാലി ബിശ്വാസും തൃണമൂല്‍ ടിക്കറ്റില്‍ തന്നെ ലോക്സഭയിലേക്ക് മത്സരിക്കും. നിലവില്‍ തൃണമൂല്‍ എം.പിമാരായ 10 പേരെ ഒഴിവാക്കിയാണ് മമത ബാനര്‍ജി വനിതാ സ്ഥാനാര്‍ത്ഥികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.