കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിനും തുഷാർ വെള്ളാപ്പള്ളിക്കും തലവേദന സൃഷ്ടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ പ്രചാരണത്തിനിറങ്ങില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്എൻഡിപി യോഗം ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന മുൻ നിലപാടിൽ താൻ ഉറച്ചു നിൽക്കുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ആരെങ്കിലും മത്സരിക്കുന്നുണ്ടെങ്കിൽ തന്നെ അത് ഭാരവാഹിത്വം രാജിവച്ച ശേഷമായിരിക്കണമെന്നും അറിയിച്ചു. തുഷാർ വെള്ളാപ്പള്ളി ലോക്സഭയിലേക്ക് മത്സരിക്കുന്ന കാര്യം തന്നോട്ട് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ എൻഡിഎയ്ക്ക് വിജയ സാധ്യതയില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂർ സീറ്റിൽ എൻഡിഎയ്ക്ക് കിട്ടിയ വോട്ടും മറ്റു രണ്ട് മുന്നണികൾക്ക് കിട്ടിയ വോട്ടും താരതമ്യം ചെയ്താൽ തന്നെ ആർക്കും കാര്യങ്ങൾ പിടികിട്ടുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ എൻഡിഎയുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി തിരുവനന്തപുരത്ത് കുമ്മനത്തിന് മാത്രമാണ് സാധ്യത കല്പിച്ചത്.