മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രങ്ങളിലൊന്നാണ് ക്ലാസ്മേറ്റ്സ്. ഒരുകാലഘട്ടത്തിന്റെ സന്തോഷത്തിന്റെയും നൊമ്പരങ്ങളുടെയും കഥപറഞ്ഞ ലാല്‍ജോസ് ചിത്രം തിയറ്ററുകളെ ഉത്സവപ്പറമ്പാക്കിയിരുന്നു. പൃഥ്വിരാജ്, കാവ്യ മാധവന്, ഇന്ദ്രജിത്ത്, ജയസൂര്യ, തുടങ്ങി വന്‍ താരനിര തന്നെ അണിനിരന്നിരുന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ക്ലാസ്മേറ്റ്സ് എന്നാണ് ലാല്‍ ജോസ് പറയുന്നത്.
കാവ്യ മാധവനായിരുന്നു ക്ലാസ്മേറ്റ്സിലെ നായിക. കഥ കേട്ടപ്പോള്‍ കാവ്യയ്ക്ക് റസിയ എന്ന വേഷം അവതരിപ്പിക്കാനായിരുന്നു താല്പര്യം. അത് തുറന്ന് പറഞ്ഞതോടെ താന്‍ കാവ്യയോട് ദേഷ്യപ്പെട്ടെന്നും അതിന്റെ പേരില്‍ കാവ്യ കരഞ്ഞതിനെ കുറിച്ചും ലാല്‍ ജോസ് തുറന്ന് പറഞ്ഞിരിക്കുകയാണ്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിലായിരുന്നു ക്ലാസ്മേറ്റ്സ് ഓര്‍മ്മകളെ കുറിച്ച് സംവിധായകന് മനസ് തുറന്നത്.
ഷൂട്ടിങ് തുടങ്ങുംമുന്പ് ചിത്രത്തിന്റെ കഥ മനസ്സിലായില്ലെന്ന് കാവ്യ പറഞ്ഞു. കഥ പറയാന്‍ ഞാന്‍ തിരക്കഥാകൃത്ത് ജയിംസ് ആല്‍ബര്‍ട്ടിനെ അറിയിച്ചു. കാവ്യയും പൃഥ്വിയും നരെയ്നും ഇന്ദ്രജിത്തും ചേര്‍ന്ന സീനാണ് ഞങ്ങള്‍ ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഷൂട്ടിങ് തുടങ്ങാറായപ്പോള്‍ കാവ്യയെ കാണാനില്ല.
ജെയിംസ് ആല്‍ബര്‍ട്ട് ഓടിയെത്തി പറഞ്ഞു, കഥ കേട്ടപ്പോള്‍ കാവ്യ വല്ലാത്ത കരച്ചില് ആയത്രേ. കാവ്യയോട് കാര്യമെന്തെന്ന് തിരക്കി. ‘ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാല്‍ മതി’, കരഞ്ഞുകൊണ്ട് കാവ്യ പറഞ്ഞു. ഇത് കേട്ടതോടെ എനിക്ക് ദേഷ്യം വന്നു. നേരത്തെ ഇമേജുള്ളയാള്‍ റസിയയെ അവതരിപ്പിച്ചാല്‍ രസമുണ്ടാകില്ലെന്ന് എനിക്ക് തോന്നിയിരുന്നു.
അത് എത്ര പറഞ്ഞിട്ടും കാവ്യക്ക് മനസ്സിലാകുന്നില്ല. ഞാന്‍ പറഞ്ഞു, റസിയയെ മാറ്റാന്‍ പറ്റില്ല, നിനക്ക് താരയെ അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം’. അതും കൂടി കേട്ടതോടെ അവളുടെ കരച്ചില് കൂടി. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തി. മനസ്സില്ലാ മനസ്സോടെ കാവ്യ സമ്മതിച്ചു”-ലാല്‍ ജോസ് പറയുന്നു.