തിരുവല്ല നഗരമധ്യത്തില്‍ പട്ടാപ്പകല്‍ യുവാവ് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പിടിയിലായ കുമ്പനാട് കോയിപ്രം കരാലില്‍ വീട്ടില്‍ അജിന് റെജി മാത്യുവിനെ (18) പറയുന്നത് തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ്. അയിരൂര്‍ കാഞ്ഞീറ്റുകര ചരിവില്‍ കിഴക്കേതില്‍ വിജയകുമാറിന്റെ മകള്‍ കവിത (19)യ്ക്കാണ് പൊള്ളലേറ്റത്.
തിരുവല്ല ചുമത്രയില്‍ വാടകയ്ക്കു കഴിഞ്ഞുവരികയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. വെച്ചൂച്ചിറ വിശ്വബ്രാഹ്മണ കോളജിലെ ബിഎസ്സി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് അജിന്. പ്രണയനൈരാശ്യമാണ് സംഭവത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. അയിരൂര്‍ രാമേശ്വരം എസ്എന്‍ഡിപി സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറിക്ക് പഠിക്കുമ്പോള്‍ സഹപാഠിയായിരുന്ന പെണ്‍കുട്ടിയുമായി സ്നേഹ ബന്ധത്തിലായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളായി പെണ്‍കുട്ടി അകല്‍ച്ചയിലായെന്നും ഇതേക്കുറിച്ച് ഇന്നലെ സംസാരിക്കാനെത്തിയപ്പോഴാണ് പ്രശ്നമായതെന്നും പറയുന്നു. രാവിലെ 9.30 ഓടെ പെണ്‍കുട്ടി പഠിക്കുന്ന തിരുവല്ല ചിലങ്ക ജംഗ്ഷനു സമീപമുള്ള സ്ഥാപനത്തിന് സമീപമെത്തി റോഡരികില്‍ നിന്ന് സംസാരിക്കുന്നതിനിടെ രോഷാകുലനായ അജിന് കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ വയറില്‍ മുറിവേല്പിച്ചു. തുടര്‍ന്ന് ബാഗില്‍ സൂക്ഷിച്ച ഒരു കുപ്പി പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ കത്തിക്കുകയായിരുന്നു.
തീ കത്തുന്നത് കണ്ട് വന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് വെള്ളവും മറ്റും ഉപയോഗിച്ച് തീ കെടുത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കൈയില്‍ കത്തിയുമായി നിന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. പെണ്‍കുട്ടിയുടെ വയറിലെ മുറിവ് ഗുരുതരമല്ലെന്നും എന്നാല്‍ പൊള്ളല്‍ 85 ശതമാനമാണെന്നും പോലീസ് പറഞ്ഞു. പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ഉച്ചയോടെയാണ് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.