തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് രാജി. ബുധനാഴ്ച ഉച്ചക്ക് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തുടരാൻ നളിനി നെറ്റോയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
പിണറായി വിജയൻ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളിൽ ഒന്നായിരുന്നു നളിനി നെറ്റോയുടേത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ അഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രി തന്റെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചിരുന്നു.
പിന്നീട് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ച ശേഷമാണ് ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവി അവർ ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ഫയലുകൾ തന്റെ അടുത്തേക്ക് എത്താത്തതാണ് നളിനി നെറ്റോയുടെ അതൃപ്തിക്കു കാരണമായത്.
ആദ്യംകാലങ്ങളിൽ പ്രധാനപ്പെട്ട പല ഫയലുകളെല്ലാം നളിനി നെറ്റോയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാൽ പിന്നീട് ഫയലുകൾ അവരുടെ മേശപ്പുറത്തേക്ക് എത്താതെയായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ തർക്കങ്ങൾ പലപ്പോഴും പരിഹരിച്ചിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം.വി ജയജയരാജനായിരുന്നു.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കാന്‍ ആളില്ലാതെയായി. ഇതോടെ നളിനി നെറ്റോയും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും പടിയിറങ്ങാൻ തീരുമാനിച്ചു.
1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ. തിരുവനന്തപുരം ജില്ലാ കളക്ടര്‍, സംസ്ഥാന ടൂറിസം ഡയറക്ടര്‍, നികുതി, സഹകരണ രജിസ്ട്രേഷന്, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒമ്പതുവര്‍ഷം സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയിരുന്നു. സംസ്ഥാനത്ത് ആ സ്ഥാനത്തിരുന്ന ആദ്യ വനിതയുമാണ്.