കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ വോട്ട് അഭ്യർഥിച്ച് ഇന്നലെ രംഗത്തിറങ്ങിയതോടെ യുഡിഎഫ് ക്യാന്പുകൾ പലയിടത്തും സജീവമായി. ഇന്നും നാളെയുമായി ബോർഡുകളും ബാനറുകളും മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിറയും. മതിലെഴുത്ത് അടക്കമുള്ള മറ്റു പ്രചാരണങ്ങളും ഉൗർജിതമാക്കി.
പള്ളിയിൽ പോയി പ്രാർഥനയോടെയായിരുന്നു തോമസ് ചാഴികാടൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. രാവിലെ പള്ളിയിൽ പോയി പ്രാർഥനയിൽ പങ്കെടുത്തതിനുശേഷം അടുത്ത സൃഹൃത്തുക്കളെ നേരിൽ കണ്ടു വോട്ടർഭ്യർഥിച്ചു.
തുടർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കണ്ട് പിന്തുണയും അഭ്യർഥിച്ചു. കോട്ടയത്ത് കേരള കോണ്ഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി പ്രവർത്തരുമായി കൂടിയാലോചന നടത്തിയതിശേഷം പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തോടൊപ്പം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പുമായി ചർച്ച നടത്തി.
കോട്ടയം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലും, പ്രധാന വ്യക്തികളെയും നേരിൽ കണ്ടു വോട്ട് അഭ്യർഥിച്ചു. തുടർന്ന് പാലായിലെത്തി പാർട്ടി ചെയർമാൻ കെ.എം. മാണിയെ കണ്ട് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടത്തി.
വി.എൻ വാസവന്റെ പ്രചാരണത്തിന് 5001 അംഗ കമ്മിറ്റി
കോട്ടയം: എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സി.കെ. ശശിധരൻ ചെയർമാനും ടി.ആർ.രഘുനാഥൻ സെക്രട്ടറിയും എ.വി. റസൽ ട്രഷററുമായി 5001 അംഗ കമ്മിറ്റിയും രൂപീകരിച്ചു. തെരഞ്ഞെടുപ്പ് കണ്വൻഷൻ ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വർഗീയതയിലൂടെ നാടിനെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവർക്കു കുടപിടിക്കുന്ന സമീപനമാണ് യുഡിഎഫ് ചെയ്യുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി വി.എൻ. വാസവൻ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, കേരള കോണ്ഗ്രസ് ചെയർമാൻ സ്കറിയ തോമസ്, കെ. സുരേഷ്കുറുപ്പ എംഎൽഎ, സി. കെ. ആശ എംഎൽഎ, എൽഡിഎഫ് നേതാക്കളായ പി. കെ. ഹരികുമാർ, കെ. എം. രാധാകൃഷ്ണൻ, വി. ബി. ബിനു, ബിജിലി ജോസഫ്, സാബു മുരിക്കവേലി, വക്കച്ചൻ മറ്റത്തിൽ, പി. കെ. ആനന്ദക്കുട്ടൻ, മാണി സി കാപ്പൻ, ടി. വി. ബേബി, പ്രഫ. എം. ടി. കുര്യൻ, സജി നൈനാൻ, സണ്ണി തോമസ്, പി. എം. മാത്യു, എം. എം. സുലൈമാൻ തുടങ്ങിയവർ പങ്കെടുത്തു.