തിരുവല്ല: തിരുവല്ലയിൽ പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലായ യുവതിയുമായി ആംബുലൻസ് സംഘം എറണാകുളം വരെ എത്തിയത് 43 മിനിട്ടിൽ. ഇന്നലെ രാവിലെ തിരുവല്ല നഗരത്തിൽ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ പുഷ്പഗിരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട 19 കാരിയെ വിദഗ്ധ ചികിത്സയ്ക്കായി ഉച്ചയോടെയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്കു കൊണ്ടുപോയത്.
ഐഐഇഎംഎസ് 102 മെഡിക്കൽ സംഘമാണ് യുവതിയെ സകല സജ്ജീകരണങ്ങളുമായി ആശുപത്രിയിലേക്കു കൊണ്ടുപോയത്.പുഷ്പഗിരിയിൽ പ്രാഥമിക ചികിത്സ നൽകി ആംബുലൻസ് വെന്റിലേറ്ററിലേക്ക് കണക്ട് ചെയ്ത് മറ്റ് അത്യാധുനിക ജീവൻ രക്ഷാ ഉപകരണങ്ങളും, ജീവൻ രക്ഷാ മരുന്നുകളും നൽകി ഐഐഇഎംഎസ് 102 മെഡിക്കൽ ടീമംഗങ്ങളായ അഖിൽ കൃഷ്ണൻ, അനന്തു മനോഹരൻ എന്നിവരാണ്തിരുവല്ലയിൽ നിന്നും യുവതിയെയും കൊണ്ട് പുറപ്പെട്ടത്. യാത്രയ്ക്കു മുന്പായി പോലീസ് വേണ്ട സജ്ജീകരണങ്ങൾ നടത്തിയിരുന്നു.
തിരുവല്ല, ആലപ്പുഴ, ചേർത്തല, അരൂർ വഴി എറണാകുളം വരെ എത്തുന്നതിന് ആവശ്യമായ ട്രാഫിക് ക്രമീകരണങ്ങൾ തിരുവല്ല സിഐ സന്തോഷ് കുമാർ ഇടപെട്ട് നടത്തി. എല്ലാ സ്റ്റേഷനുകളിലേക്കും സന്ദേശം പോയതനുസരിച്ച് മുൻകൂട്ടി പോലീസ് റോഡിൽ നിരന്നു.
പോലീസ് വാഹനവും ആംബുലൻസിന് അകന്പടിയായി. 102 കോൾ സെന്ററിൽ നിന്നുള്ള നിർദേശവും സ്വീകരിച്ച യാത്രയിൽ ഇടയ്ക്കൊക്കെ യുവതിക്ക് അസ്വസ്ഥത ഉണ്ടായപ്പോൾ മെഡിക്കൽ ടീം വേണ്ട ചികിത്സ നൽകി.മെഡിക്കൽ സെന്ററിൽ യുവതിയെ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്പോൾ സംഘത്തിനും വലിയൊരു ചുമതല നിർവഹിച്ചതിന്റെ ആശ്വാസം.
കടമ്മനിട്ട സംഭവത്തിന്റെ ആവർത്തനം
പത്തനംതിട്ട: തിരുവല്ല ചിലങ്ക ജംഗ്ഷനിൽ പട്ടാപ്പകൽ പെൺകുട്ടിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിന് സമാനമായിരുന്നു 2017 ജൂലൈ 14ന് കടമ്മനിട്ടയിൽ നടന്നത്. ഇന്നലെ തിരുവല്ല നഗരത്തിൽ തന്റെ മുൻസഹപാഠിയായ വിദ്യാർഥിനിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം നാടിനെ ഞെട്ടിച്ചു.
യുവാവ് പെട്രോളൊഴിച്ച് കത്തിച്ച കടമ്മനിട്ട കല്ലേലി മുക്ക് കുരീചെറ്റയിൽ കോളനിയിൽ ശാരിക (17) ഒരാഴ്ച ജീവനോടു മല്ലിട്ട ശേഷം 22ന് മരണത്തിനു കീഴടങ്ങി. പൊളളലിന് വിദഗ്ധ ചികിത്സ നടത്തുന്ന കോയമ്പത്തൂരിലെ ഗംഗാ ആശുപത്രിയിലായിരുന്നു അന്ത്യം.
ശശി – പൊന്നമ്മ ദമ്പതികളുടെ മകളായിരുന്നു ശാരിക.ശാരികയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചത് ബന്ധു കൂടിയായ കടമ്മനിട്ട തെക്കുംപറമ്പിൽ സജിൽ (20) ആണ്. സംഭവദിവസം വൈകുന്നേരം അഞ്ചോടെ കല്ലേലി മുക്കിലെത്തിയ സജിൽ ശാരികയെ സമീപത്തെ അപ്പൂപ്പന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി.
തമ്മിൽ വഴക്കിട്ട ശേഷം പുറത്തേക്കു പോയ സജിൽ ഒരു മണിക്കൂറിനു ശേഷം തിരികെ കുപ്പിയിൽ പെട്രോളുമായി വന്ന് ശാരികയുടെ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. ശാരികയ്ക്കൊപ്പം പൊളളലേറ്റ ഇയാൾ നിലത്തു കിടന്നുരുണ്ട ശേഷം അടുത്തുളള കാട്ടിലേക്ക് ഓടിക്കയറി. സമീപത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ പിറ്റേന്ന് നാട്ടുകാരും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ സജിലിന് 60 ശതമാനം പൊള്ളലേറ്റിരുന്നു. ശാരിക തന്നിൽ നിന്ന് അകന്ന് മറ്റൊരാളുമായി സ്നേഹത്തിലാണെന്ന് സംശയിച്ചാണ് കൃത്യം ചെയ്തതെന്ന് സജിൽ അന്ന് പോലീസിനോടു പറഞ്ഞിരുന്നു.
പെൺകുട്ടിയുടെ അപ്പൂപ്പനും ചിറ്റപ്പനുമായിരുന്നു സംഭവത്തിലെ ദൃക്സാക്ഷികൾ. അപ്പൂപ്പന്റെ രണ്ടു മുറിയുളള വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവം അറിഞ്ഞ ചെന്നൈ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഒഫ് ക്രൈം പ്രിവൻഷൻ ആൻഡ് വിക്ടിംസ് കെയർ എന്ന സംഘടന ശാരികയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്തിരുന്നു. ആസിഡ് ആക്രമണമടക്കമുളള സംഭവങ്ങളിൽ ഇരയാകുന്ന പെൺകുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണിത്.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായിരുന്നു ശാരിക. കുട്ടിയുടെ മരണത്തേ തുടർന്ന് സംസ്കാരം അടക്കമുള്ള ക്രമീകരണങ്ങൾ സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ പള്ളിയുടെ ചുമതലയിലാണ് നടത്തിയത്. കുടുംബത്തിന്റെ വീട് നിർമാണത്തിലും ഇടവക സഹകരിച്ചു.
ശാരികയ്ക്കു പൊള്ളലേറ്റ സംഭവത്തോടെ ജില്ലയിലെ പെട്രോൾ പന്പുകളിൽ നിന്ന് കുപ്പികളിൽ പെട്രോൾ നൽകുന്നതിനു വിലക്കുണ്ടായി. ഇത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പെട്രോൾ പന്പ് ഉടമകൾ പറഞ്ഞു. കുപ്പിയിൽ നൽകില്ലെങ്കിലും ജാറുകളിലടക്കം പെട്രോൾ നൽകാതിരിക്കാനുമാകില്ല.