മണ്ണാർക്കാട്: കോഴിക്കോട്-പാലക്കാട്ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്ന മണ്ണാർക്കാട് നഗരത്തിൽ പുതിയ ട്രാഫിക് പരിഷ്കരണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം. നിലവിലുള്ളതു പൂർണമായി പിന്തള്ളി ആധുനികരീതിയിലും നാടിന് ആവശ്യമുള്ളതുമായ വിധത്തിൽ ട്രാഫിക് പരിഷ്കരണം ഏർപ്പെടുത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.
മറ്റു നഗരങ്ങളെ അപേക്ഷിച്ച് മണ്ണാർക്കാട് ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ ആരും തയാറാകുന്നില്ലത്രേ. മിക്കപ്പോഴും പോലീസ് ട്രാഫിക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യവുമുണ്ട്. മണ്ണാർക്കാട് നഗരത്തിൽ സുരക്ഷിത ഗതാഗതപരിഷ്കരണം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്.
പുതിയ പരിഷ്കരണത്തിനായി ആദ്യം ചെയ്യേണ്ടത് ഓട്ടോറിക്ഷാ സ്റ്റാൻഡുകളുടെ പുനഃക്രമീകരണമാണ്. ഓട്ടോറിക്ഷ സ്റ്റാൻഡുകൾ പൂർണമായും ദേശീയപാതയിൽനിന്നും ഒഴിവാക്കി ഇവർക്കായി പുതിയ സ്ഥലം കണ്ടെത്തുകയും ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുകയും വേണം. ഇതിനു പുറമേ ദേശീയപാതയിലെ അനധികൃത പാർക്കിംഗും ഒഴിവാക്കണം.
സ്റ്റോപ്പിലല്ലാതെ നിർത്തി ബസുകളിൽ ആളെ കയറ്റുന്നവർക്കെതിരേ കർശനനടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത്തരം നിർദേശങ്ങളും നടപടികളും അംഗീകരിച്ചാൽ മാത്രമേ ദേശീയപാത വികസനംകൊണ്ട് എന്തെങ്കിലും ഗുണം മണ്ണാർക്കാടിന് ലഭിക്കൂ. മണ്ണാർക്കാട് നഗരത്തിൽ വളരെ വേഗത്തിലാണ് റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്.
എന്നാൽ മഴക്കാലം എത്തുന്നതിനുമുന്പു തന്നെ നഗരത്തിലെങ്കിലും പണി പൂർത്തീകരിക്കുമോ എന്ന ചോദ്യത്തിനു ഇപ്പോഴും ഉത്തരമില്ല. ദേശീയപാത നിർമാണത്തിനൊപ്പം അധികൃതർ ഇടപെട്ട് ബസ് സ്റ്റോപ്പുകളും ബസ് ബേകളും നിർമിക്കണമെന്ന ആവശ്യം ശക്തമാണ്.
നഗരത്തിൽ ഗതാഗതക്കുരുക്ക് തുടരുന്പോഴും മണ്ണാർക്കാട്ട്െ ട്രാഫിക് പോലീസ് മൗനം തുടരുകയാണ്.
മണ്ണാർക്കാട് മാത്രമായി ഒരു ട്രാഫിക് പോലീസ് യൂണിറ്റ്് പ്രവർത്തിക്കുന്നു. അവർക്കു നിയന്ത്രിക്കാവുന്ന പ്രശ്നങ്ങളാണ് ഇവിടെയുള്ളൂ. ഈ സാഹചര്യത്തിൽ ട്രാഫിക് യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.