ഒറ്റപ്പാലം: നഗരത്തിനുള്ളിൽ വൻസ്വകാര്യ വാട്ടർബോട്ടിൽ പ്ലാന്റിന് തീരുമാനം. ലക്ഷ്യം വൻജലചൂഷണം രാഷ്ട്രീയ പാർട്ടികൾക്ക് മിണ്ടാട്ടമില്ല. ഇക്കാര്യത്തിൽ മന്ത്രി റിപ്പോർട്ട് തേടി. നഗരത്തിനുള്ളിൽ നിർമാണം നടന്നുവരുന്ന സ്വകാര്യ വാട്ടർബോട്ടിൽ പ്ലാന്റിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് വ്യാപക പരാതി.
എന്നാൽ എതിർപ്പുകളുടെ അടിസ്ഥാനത്തിൽ വകുപ്പുമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടറോട് വിശദീകരണം തേടിയത് മേൽപറഞ്ഞ പ്ലാൻറ് നിലവിൽ വരുന്നപക്ഷം വൻജലചൂഷണവും ഭൂഗർഭജലം വ്യാപകമായി ഉൗറ്റിയെടുക്കുമെന്നും ചൂണ്ടിക്കാട്ടി വിവിധ റസിഡൻഷ്യൽ അസോസിയേഷനുകൾ നല്കിയ പരാതിയിലാണ് നടപടിയുണ്ടായിട്ടുള്ളത്.
അനുമതി സ്റ്റേ ചെയ്യുന്നതിനായി നിയമനടപടി സ്വീകരിക്കാനാണ് റസിഡൻഷ്യൽ അസോസിയേഷനുകൾ തീരുമാനിച്ചത്. വേണ്ടത്ര പഠനം നടത്താതെയും പരിസരവാസികളുടെ സമ്മതപത്രം വാങ്ങാതെയുമാണ് പ്ലാന്റിന് നഗരസഭ അനുമതി നല്‍കിയിട്ടുള്ളതെന്ന് ആരോപിച്ച് സിറ്റിസണ്‍ ഫോറം പ്രസിഡന്റ് ആർ.പി.ശ്രീനിവാസൻ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
നിയമവിരുദ്ധമായാണ് സാങ്കേതികാനുമതി നേടിയതെന്നും ഇതിന്റെ മറവിൽ വൻതിരിമറി നടക്കുമെന്നും പരാതിയിൽ പറയുന്നു ഇത് പരിഗണിച്ചാണ് മന്ത്രി ജലഅതോറിറ്റി മാനേജിംഗ് ഡയറക്ടറോട് അനന്തരനടപടി സ്വീകരിക്കാനും റിപ്പോർട്ട് നല്‍കാനും ആവശ്യപ്പെട്ടത് സിറ്റിസണ്‍ ഫോറത്തിനു പുറമേ ഒറ്റപ്പാലത്തെ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയും പാൻറ് നിർമാണത്തിനെതിരെ രംഗത്തുവന്നിരുന്നു.
നാലുമാസം മുന്‍പാണ് പട്ടാന്പി സ്വദേശി കന്പനി തുടങ്ങാൻ അനുമതിക്കായി നഗരസഭയെ സമീപിച്ചത്. എന്നാൽ കൗണ്‍സിൽ അപേക്ഷ നിരസിച്ചു. പിന്നീട് നിർമാണപ്രവൃത്തികളുമായി ബന്ധപ്പെട്ടവർ മുന്നോട്ടുപോകുകയായിരുന്നു. ഇതിനെതിരെ നടപടികളൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് കന്പനിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പ്രദേശവാസികളും റസിഡൻഷ്യൽ അസോസിയേഷനുകളും തീരുമാനിച്ചത്.
കുപ്പിവെള്ള കന്പനിക്കെതിരെ പാർട്ടികൾക്കു മൗനം
ഒറ്റപ്പാലം: വൻജലചൂഷണം ലക്ഷ്യമിട്ട് ഒറ്റപ്പാലത്ത് ആരംഭിക്കാൻ തീരുമാനിച്ച കുപ്പിവെള്ള കന്പനിക്കെതിരെ രാഷ്ട്രീയപാർട്ടികൾ മൗനത്തിൽ. ഒരു പാർട്ടിയും ഇതിനെതിരെ പ്രതികരിക്കാത്തത് സമൂഹമാധ്യമങ്ങളിൽ വാർത്തയായിട്ടുണ്ട്. ഒറ്റപ്പാലം നഗരസഭ കന്പനിക്ക് പ്രവർത്തനാനുമതി നിഷേധിച്ചുവെങ്കിലും പിന്നീട് കന്പനിയുടെ നിർമാണപ്രവൃത്തികൾ എങ്ങനെ പുരോഗമിച്ചെന്നാണ് ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യം.
തേസമയം പിൻവാതിലിലൂടെ കുപ്പിവെള്ള കന്പനിക്ക് അനുകൂലമായ സാഹചര്യം ഒരുക്കികൊടുക്കുകയാണ് നഗരസഭ ചെയ്തതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. കന്പനിയുടെ നിർമാണപ്രവൃത്തികൾ പുരോഗമിക്കുന്ന കാര്യം അറിഞ്ഞിട്ടും ഇതിനെതിരെ നടപടികൾ സ്വീകരിക്കുകയോ യഥാസമയം കോടതിയിൽ കന്പനിക്കെതിരായി ശക്തമായി വാദിക്കാനോ നഗരസഭ തയാറാകാത്തതും ദുരൂഹത ഉയർത്തുന്നു.
നഗരസഭ ഭരണത്തിന് നേതൃത്വം നല്കുന്ന പ്രധാനിയുടെ വാർഡിൽ തന്നെയാണ് കുപ്പിവെള്ള കന്പനി പ്രവർത്തിക്കാൻ എത്തുന്നതെന്നുള്ളതും പ്രധാന വസ്തുതയാണ്. രാഷ്ട്രീയപാർട്ടികൾ അവലംബിക്കുന്ന മൗനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അതേസമയം ഒറ്റപ്പാലം സിറ്റിസണ്‍ ഫോറം റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറയും മാത്രമാണ് ഇതിനെതിരെ ശക്തമായ നടപടിയെടുത്തത്.ഇതിന്റെ ഭാഗമായാണ് കന്പനിക്കെതിരെ വകുപ്പുമന്ത്രി തന്നെ റിപ്പോർട്ട് തേടിയതും.