മുളവൂർ സതീഷ്
ശാസ്താംകോട്ട: കടുത്ത വേനലും പ്രതിദിനം കാലിത്തീറ്റകൾക്കുണ്ടാകുന്ന വില വർദ്ധനയും മൂലം സംസ്ഥാനത്തെ ക്ഷീരകർഷകർ വൻ പ്രതിസന്ധിയിൽ. കടുത്ത സാമ്പത്തിക ബാധ്യത മൂലംഓരോ ദിനവും തള്ളി നീക്കാൻ കഴിയാതെക്ഷീരകർഷകർ ഉഴലുകയാണ്. വേനൽ കടുത്തതോടെ ലഭ്യമായികൊണ്ടിരുന്ന പച്ചപുല്ല് ലഭിക്കാതെ വരികയും പാൽ ഉൽപ്പാദനത്തിൽ വലിയ കുറവ് ഉണ്ടായി നഷ്ടം സംഭവിച്ചുകൊണ്ടിരിക്കെയാണ് പ്രതിദിനം കാലിത്തീറ്റകളുടെ വില വർദ്ധിച്ചു കൊണ്ടിരിക്കുന്നത്.
ഒരു വർഷം മുമ്പ് വരെ 900 രൂപയ്ക്ക് ലഭിച്ചിരുന്ന മിൽമ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് ഇപ്പോൾ 1045 രൂപയാണ് വില.ഇതിൽ തന്നെ 45 രൂപയുടെ വില വർദ്ധന ഉണ്ടായത് കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ്. സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സിന് 1025 രൂപയും മറ്റ് ഒട്ട് മിക്ക സ്വകാര്യ കമ്പനികാലിത്തീറ്റകൾക്ക് ആയിരത്തിനും ആയിരത്തി അൻപതിനും ഇടയിലാണ് വില.
മിൽമ – കേരള ഫീഡ്സ് കാലിത്തീറ്റ കളുടെ വിലയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ കാലിത്തീറ്റ കമ്പനികൾ വില നിശ്ചയിക്കുന്നത്.കാലിത്തീറ്റ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ദൗർ ലഭ്യമാണ് വില വർദ്ധനവിന് കാരണമെന്നാണ് അധികൃതരുടെ നിലപാട്.
മറ്റ് കാലിത്തീറ്റകളായ പുളിയരിപ്പൊടി, തവിട് ,പരുത്തി വിത്ത് പിണ്ണാക്ക് ,ഗോതമ്പ് തവിട് തുടങ്ങി എല്ലാറ്റിനും കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ വൻ വില വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു പിരി വൈക്കോലിന് പോലും 23 മുതൽ 25 രൂപാ വരെയാണ് വില.
ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 100 രൂപ സബ്ബ് സിഡി ലഭിക്കുമെങ്കിലും ഇത് നിബന്ധനകൾ ക്ക് വിധേയമായതിനാൽ മുഴുവൻ കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിക്കാറില്ല.മുൻ കാലങ്ങളിൽ കർഷകർ സംഘത്തിൽ നൽകുന്ന പാലിന് മിൽമ വേനൽക്കാല ഇൻസെൻ്റീവ് നൽകാറുണ്ടായിരുന്നങ്കിലും ഈ വർഷം ഇത് പ്രഖ്യാപിച്ചിരുന്നില്ല.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇനി ഇത് സാധ്യമാകും വഴിയില്ല.പ്രളയ ദുരന്തത്തിൽ വലിയ നാശനഷ്ടം നേരിട്ട ക്ഷീരമേഖലയിൽ വേനലും കാലിത്തീറ്റയുടെ വില വർദ്ധനയും പുതിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ പാൽ ഉൽപ്പാദത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യം ഇനിയും അകലെയാകും.