മട്ടന്നൂർ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്റെ ഭാഗമായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കനത്തസുരക്ഷ ഏർപ്പെടുത്തും. ടെർമിനൽ ബിൽഡിംഗിനുള്ളിലും പുറത്തുമായി സിഐഎസ്എഫ്, പോലീസ് എന്നിവയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുക.
കൊല്ലപ്പെട്ട എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് നാളെ ഉച്ചയ്ക്ക് 1.30ന് രാഹുൽ ഗാന്ധി വിമാനത്താവളത്തിലെത്തുക. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിലെ വിഐപി ലോഞ്ചിൽ വച്ചാണ് ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണുക.
പാസ് മുഖേനയാണ് രാഹുൽ ഗാന്ധിയെ കാണുന്നതിന് ഷുഹൈബിന്റെ മാതാപിതാക്കളെയും സഹോദരിമാരെയും ആക്രമണത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രമുഖ കോൺഗ്രസ് നേതാക്കളെയും ടെർമിനൽ ബിൽഡിംഗിലേക്ക് കടത്തിവിടുക. അരമണിക്കൂറോളം കുടുംബാംഗങ്ങളുമായി സംസാരിച്ച രാഹുൽ ഗാന്ധി ശേഷം 2.05 ന് ഹെലികോപ്ടറിൽ കാസർഗോഡ് പെരിയയിലേക്ക് പോകും. മാധ്യമ പ്രവർത്തകർക്ക് ടെർമിനൽ ബിൽഡിംഗിലേക്ക് പ്രവേശനമില്ല.
രാഹുൽ ഗാന്ധി ടെർമിനൽ ബിൽഡിംഗിൽ നിന്ന് പുറത്തേക്ക് ഇറങ്ങില്ലെന്നാണ് വിവരം. കോൺഗ്രസ് പ്രവർത്തകർ ടെർമിനൽ ബിൽഡിംഗിന് പുറത്ത് തടിച്ചുകൂടുന്നതിനാൽ വൻ പോലീസ് സന്നാഹത്തെ നിയോഗിക്കും. മട്ടന്നൂർ, എയർപോർട്ട് പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരെ ഉൾപ്പെടെയാണ് നിയോഗിക്കുക.