കാഞ്ഞിരപ്പള്ളി: ഇൻസ്റ്റാൾമെന്റ്് എന്ന വ്യാജ രീതിയിൽ വീട്ടമ്മമാരെ കബളിപ്പിക്കാൻ നിരവധി സംഘങ്ങൾ രംഗത്ത്. സാന്പത്തിക പ്രതിസന്ധിയിൽ ജനം നട്ടം തിരിയുന്പോഴാണ് വീട്ടമ്മമാരെ കബളിപ്പിക്കാനായി നിരവധി സംഘങ്ങൾ രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും നിരവധിപേരാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ തുക വായ്പ നൽകിയിരിക്കുന്നത്. ആഴ്ചയിൽ വീട്ടിലെത്തി ഇവർ പിരിവെടുക്കും. തവണകൾ മുടങ്ങിയാൽ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും തുക വാങ്ങിയെടുക്കും.
മുന്പ് ഇത്തരം സംഘങ്ങളെ ഓപ്പറേഷൻ കുബേരയിലൂടെ ഇവരെ നാട്ടിൽ നിന്നും തുരുത്തിയിരുന്നു. എന്നാൽ, വീണ്ടും ഇവർ സജീവമായിരിക്കുകയാണ്. ഇൻസ്റ്റാൾമെന്റ്് എന്ന പേരിൽ വീടുകളിലെത്തി പണം നൽകുകയാണിപ്പോൾ. 1000 രൂപയ്ക്ക് 150 മുതൽ 200 രൂപവരെയാണ് ഒരുമാസത്തേക്ക് പലിശ വാങ്ങുന്നത്. കൃത്യം ഒരു മാസത്തേക്കാണ് പണം നൽകുന്നത്.
എന്നാൽ, ഇവരെ കൂടാതെ പണം വായ്പയ്ക്ക് നൽകുന്ന സ്ഥാപനങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പേരും സ്ഥലവും മാത്രമാണ് സ്ഥാപനത്തിന്റെ ബോർഡിലുള്ളത്. ബ്രാഞ്ച് ഓഫീസ് എന്ന് എഴുതിയിട്ടുണ്ടെങ്കിലും ഹെഡ് ഓഫീസ് എവിടെയാണെന്ന് രേഖപ്പെടുത്തിട്ടില്ല. ഫോണ് നന്പരും ഇല്ല.വനിതകളുടെ സ്വാശ്രയ സംഘങ്ങൾക്കാണ് ഇക്കൂട്ടർ പണം വായ്പ നൽകുന്നത്.
അഞ്ച് വനിതകളാണ് ഒരു സംഘത്തിൽ കുറഞ്ഞത് വേണ്ടത്. ഒരാൾക്ക് 25000 രൂപ മുതലാണ് നൽകുന്നത്. ഈടിനായി തുക എഴുതാത്ത ചെക്കും ആധാർ, തിരിച്ചറിയൽ കാർഡ് എന്നിവയും നൽകണം. ഇതും ആഴ്ച പിരിവാണ് നൽകേണ്ടത്. തിരിച്ചടവ് മുടങ്ങിയാൽ ഇവർ വീടുകളിലെത്തി മോശമായി പെരുമാറുന്നുവെന്ന് ആരോപണം ഉണ്ട്.
തുക ലഭിക്കാതെ ഇവർ മടങ്ങി പോകുകയും ഇല്ല. കൂടുതൽ തുക തിരിച്ചടച്ചാൽ ഈ തുകയും ഇവർ നൽകാറില്ല. പോലീസിൽ പരാതി നൽകിയിട്ടും യാതൊരു പ്രയോജനവും ഇല്ലായെന്നാണ് വീട്ടമ്മമാർ പറയുന്നത്്. ഇന്നലെ വൈകുന്നേരം ഇത്തരത്തിലുള്ള കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നാട്ടുകാർ രംഗത്ത് വന്നിരുന്നു.
ദിനംപ്രതി ഈ സ്ഥാപനത്തിൽ എത്തുന്ന വനിതകൾക്ക് നേരേ ജീവനക്കാർ തട്ടിക്കയറുകയും ബഹളം വക്കുകയും ചെയ്യുന്നത് പതിവാണെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായി.