ഇതുവരെ ഈ തുക അന്വേഷിച്ച് ആരും ഒരു ഡിപ്പോയിലും വന്നിട്ടില്ല! യാത്രക്കാരിയായ വയോധികയ്ക്ക് കൊടുക്കാന്‍ മറന്ന ബാലന്‍സ് തുകയുമായി ഒരു കെഎസ്ആര്‍ടിസി കണ്ടക്ടര്‍ കാത്തിരിക്കുന്നു

ബസുകളില്‍ പ്രത്യേകിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ വഴക്കുകളും തര്‍ക്കങ്ങളും ഉണ്ടാവുന്നതിന് പ്രധാന കാരണം ‘ചില്ലറ’ പ്രശ്‌നങ്ങളാണ്. ബാക്കി കൊടുക്കാതെ പറ്റിക്കുന്ന കണ്ടക്ടര്‍മാരാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്നതും. എന്നാല്‍ പതിവ് കണ്ടക്ടര്‍ സ്വഭാവത്തില്‍ നിന്ന് വ്യത്യസ്തമായി ബാലന്‍സ് വാങ്ങാതെ ബസില്‍ നിന്ന് ഇറങ്ങിപ്പോയ ഒരു യാത്രക്കാരിയെ കാത്തിരിക്കുന്ന ഒരു കണ്ടക്ടറാണ് ഇപ്പോള്‍ ശ്രദ്ധേയനായിരിക്കുന്നത്.

കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടറായ ലിവിന്‍ ഫ്രാന്‍സിസ് ബാലന്‍സ് വന്ന തുക ഡിപ്പോയില്‍ ഏല്‍പ്പിച്ചെങ്കിലും അത് ആരും വാങ്ങാന്‍ വന്നില്ല. ഇതോടെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. പോസ്റ്റ് കണ്ടിട്ട് ആരെങ്കിലും പറഞ്ഞറിഞ്ഞു ആ യാത്രക്കാരി ബാലന്‍സ് വാങ്ങാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കുറിപ്പ്.

ഈ കഴിഞ്ഞ 06-03-2019-തീയതി രാവിലെ 06.10 ന് കൊട്ടാരക്കരയില്‍ നിന്നും നാഗര്‍കോവിലേക്ക് സര്‍വീസ് നടത്തവേ കൊട്ടാരക്കര ബസ്സ്റ്റാന്‍ഡില്‍ നിന്നും കയറിയ ഒരു പ്രായമായ സ്ത്രീയും അവരോടൊപ്പം മറ്റൊരു സ്ത്രീയും മുന്‍വശം ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇവര്‍ തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ചോദിച്ചപ്പോള്‍ രണ്ടുപേരുടെയും ടിക്കറ്റ് നിരക്കായ 132 രൂപ ടിക്കറ്റ് ഞാന്‍ നല്‍കുകയും അവരുടെ കൈവശം ചില്ലറ ഇല്ലാത്തതിനാല്‍ 2000രൂപ നോട്ട് എനിക്ക് നല്‍കുകയും സര്‍വീസ് തുടങ്ങിയതിനാല്‍ എന്റെ കൈവശം ബാലന്‍സ് കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ ടിക്കറ്റിന്റെ മറുവശം ബാലന്‍സ് തുക എഴുതി കൊടുക്കുകയും ചെയ്തു.

സാധാരണ ഉള്ളതിനേക്കാള്‍ അന്ന് ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ യാത്രക്കാര്‍ മിക്കവരും വല്ല്യ നോട്ടുകളാണ് തന്ന് കൊണ്ടിരുന്നത്. കൈവശം ബാലന്‍സ് ഇല്ലാത്തത് കൊണ്ട് ടിക്കറ്റിന്റെ മറുഭാഗത്തു ബാലന്‍സ് തുക എഴുതി കൊടുത്ത് കൊണ്ടിരുന്നു. ഭൂരിഭാഗം യാത്രക്കാരും കേശവദാസപുരത്തും പാളയത്തും ഇറങ്ങേണ്ടതിനാല്‍ തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ ചെന്ന് ചില്ലറ മാറി കൊടുത്തു അസൗകര്യം ഒഴിവാക്കി വിടേണ്ടതിനാല്‍ വെഞ്ഞാറമൂട് ksrtc ഡിപ്പോയില്‍ ചെന്നപ്പോള്‍ ക്യാഷ് കൗണ്ടറില്‍ പോയി ചില്ലറ മാറാന്‍ ശ്രെമിച്ചു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അവിടെ ചില്ലറ കൊടുക്കാന്‍ ഇല്ലെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി വിടുകയായിരുന്നു. അവിടെ വച്ച് സര്‍വീസ് നടത്തി കൊണ്ടിരുന്ന ചില കണ്ടക്ടര്‍മാരെ സമീപിച്ചു 2000 രൂപയ്ക്ക് ചില്ലറ മാറി. വീണ്ടും സര്‍വീസ് തുടര്‍ന്നു. തിരക്കും കൂടിക്കൊണ്ടിരുന്നു.

കൊടുക്കാനുള്ള ബാലന്‍സ് തുകയും കൂടിക്കൊണ്ടിരുന്നു. മണ്ണന്തല കഴിഞ്ഞപ്പോള്‍ തന്നെ ബാലന്‍സ് കിട്ടാനുള്ളവരെ സമീപിച്ചു ബാലന്‍സ് തുക കൊടുത്തു കൊണ്ടിരുന്നു. ഇതിനിടയില്‍ കേശവദാസപുരത്തു എത്തിയപ്പോള്‍ തന്നെ കയ്യിലുള്ള ചില്ലറ മുഴുവന്‍ കാലിയായി. മെഡിക്കല്‍ കോളേജില്‍ പോകാന്‍ കേശവദാസപുരത്തു ഇറങ്ങേണ്ട ഒരു സ്ത്രീക്കും അവരുടെ മകനും ബാക്കി തുക കൊടുക്കാന്‍ കഴിയാതെ തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ വരെ യാത്ര ചെയ്യിപ്പിക്കേണ്ട അവസ്ഥ വന്നു.

തമ്പാനൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ തന്നെ അവിടെയുള്ള പല കണ്ടക്ടര്‍ മാരെയും സമീപിച്ചു ചില്ലറ മാറി ബാക്കിയുള്ളവക്ക് കൊടുക്കാനുള്ള ബാലന്‍സ് കൊടുത്തു തീര്‍ത്തു. പിന്നീട് ഞാന്‍ ബാഗ് കളക്ഷന്‍ നോക്കിയപ്പോള്‍ മെഷീനില്‍ ഉള്ള കളക്ഷനേക്കാള്‍ 1868 രൂപ കൂടുതല്‍ ഉള്ളതായി കാണപ്പെട്ടു. ഈ ബാലന്‍സ് തുക മുന്‍വശം ഇരുന്ന സ്ത്രീക്ക് കൊടുക്കാനുള്ളതാണെന്നു എനിക്ക് ബോധ്യപ്പെടുകയും എന്നാല്‍ അവരെ അവിടെയെല്ലാം അന്വേഷിച്ചപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഡ്യൂട്ടി കഴിഞ്ഞ് അന്ന് രാത്രി ഈ ബാലന്‍സ് തുക URB ആയി കൊട്ടാരക്കര ഡിപ്പോയില്‍ അടച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഈ തുക അന്വേഷിച്ചു ആരും ഒരു ഡിപ്പോയിലും വന്നിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇനി ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ പോലും അന്വേഷിച്ചു വന്നാല്‍ ആളെ മനസ്സിലാക്കി കഴിഞ്ഞാല്‍ ബാലന്‍സ് തുക കൈപറ്റാവുന്നതാണ്.

NB 1. ബാഗില്‍ ഒരു രൂപ പോലും കൊണ്ട് പോകാതെ സര്‍വീസ് തുടങ്ങണമെന്നാണ് ksrtc rule. ഇനി അഥവാ കൊണ്ട് പോകണമെങ്കില്‍ controlling inspector അനുമതിയോടെ വേ ബില്ലില്‍ ടി തുക കാണിച്ച് ഇനിഷ്യല്‍ ചെയ്യണം.

2. തുക വീട്ടില്‍ നിന്നും കൊണ്ട് വരാന്‍ കഴിയാത്തത് കൊണ്ട് ഡിപ്പോയില്‍ ചോദിച്ചാല്‍ ചില്ലറ മാറിത്തരാനുള്ള അനുമതി എങ്കിലും ഉണ്ടാകണമെന്ന് അപേക്ഷിച്ചു കൊള്ളുകയാണ്..

Related posts