പുതുക്കാട്: പ്രളയം തകർത്തെറിഞ്ഞ കല്ലൂർ പള്ളം പട്ടികജാതി കോളനി നിവാസികളെ സർക്കാർ കൈഴിഞ്ഞതായി പരാതി. രണ്ടാഴ്ചയോളം വെള്ളം കയറി വീടുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടും കുടുംബങ്ങളെ സർക്കാരിന്റെ ദുരിതാശ്വാസ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ആക്ഷേപം.
പ്രളയത്തിൽ നാശം വിതച്ച തൃക്കൂർ പഞ്ചായത്തിലെ കല്ലൂർ പള്ളം പട്ടികജാതി കോളനിയിലെ മുപ്പതിലേറെ കുടുംബങ്ങളാണ് സർക്കാരിന്റെ കാരുണ്യത്തിനായി കാത്തുനിൽക്കുന്നത്. ഇരുപതിലേറെ വർഷം പഴക്കമുള്ള കോളനിയിലെ എല്ലാ വീടുകളിലും രണ്ടാഴ്ചയോളം വെള്ളത്തിലായിരുന്നു. മണലിപുഴ കരകവിഞ്ഞ് കോളനിയിലൂടെ ഒഴുകിയതോടെ ഇവരുടെ സ്വത്തെല്ലാം പ്രളയത്തിൽ നശിച്ചു.
വസ്ത്രങ്ങളും രേഖകളും ഒലിച്ചുപോയി.കാലപഴക്കംചെന്ന വീടുകളുടെ ചുമരുകൾ വിണ്ടുകീറി. വീടിന്റെ അടിത്തറക്ക് ബലക്ഷയം സംഭവിച്ചു.ആഴ്ചകളോളം കല്ലൂർ പള്ളി ഹാളിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞ കുടുംബങ്ങൾ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ദുരന്തം കൂടുതൽ വ്യക്തമായത്.
പ്രളയം കഴിഞ്ഞ് ഏഴു മാസമായിട്ടും അധികൃതർ തിരിഞ്ഞു നോക്കാതെയായതോടെ ജീവിതം തള്ളിനീക്കാൻ കഷ്ടപെടുകയാണ് കോളനി നിവാസികൾ. ചില വീട്ടുകാർ അറ്റകുറ്റപണികൾ തീർത്ത് വീട്ടിൽ താമസമാക്കി.ഭൂരിഭാഗം പേരും വിണ്ടുനിൽക്കുന്ന ചുമരുകളുള്ള വീടുകളിലാണ് ഇപ്പോഴും അന്തിയുറങ്ങുന്നത്.
ഇത്രയേറെ നാശനഷ്ടങ്ങൾ സംഭവിച്ച കോളനി നിവാസികൾക്ക് സർക്കാരിൽ നിന്ന് ലഭിച്ചത് പതിനായിരം രൂപയുടെ സഹായമാണ്.വീട് പുനർനിർമിക്കുന്നതിനും അറ്റകുറ്റപണികൾക്കുമായി സഹായം ലഭിക്കാൻ അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും ദുരിതാശ്വാസ ലിസ്റ്റിൽപോലും കോളനി നിവാസികളെ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം.
കോളനി നിവാസികൾ നൽകിയ അപേക്ഷകൾ കാണാനില്ലെന്ന നിലപാടിലാണ് അധികൃതർ.ഏതുനിമിഷവും നിലംപൊത്താവുന്ന വീടുകളിൽ കഴിയുന്ന കുടുംബങ്ങളെ അധികൃതർ അവഗണിക്കുകയാണെന്ന് കോളനിക്കാർ പറയുന്നു. പഞ്ചായത്ത്, വില്ലേജ് അധികൃതർ കോളനിയിൽ എത്തിയില്ലെന്നും ആക്ഷേപമുണ്ട്.
ജില്ലാഭരണകൂടം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണമുൾപ്പടെയുള്ള പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് കോളനി നിവാസികൾ.