മണ്ണാർക്കാട്: കനത്ത വേനലിനെ തുടർന്ന് കാടുകത്തുന്പോഴും ഉദ്യോഗസ്ഥർ ഇപ്പോൾ പരിശീലനത്തിൽ. മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള വിവിധ റേഞ്ചുകളിലെ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് ശക്തമായ വേനൽക്കാലത്ത് വനംവകുപ്പ് പരിശീലനത്തിന് അയച്ചിരിക്കുന്നത്. ഫോറസ്റ്റ് ഗാർഡ്, വാച്ചർമാർ, ഓഫീസർമാർ എന്നിങ്ങനെ നൂറോളം ജീവനക്കാരാണ് വേനൽക്കാല പരിശീലനത്തിനു പോയിരിക്കുന്നത്.
അട്ടപ്പാടി ഉൾപ്പെടെ ഏഴു ഫോറസ്റ്റ് സ്റ്റേഷനിൽനിന്നുള്ള ബീറ്റ് ഓഫീസർമാർ, ട്രൈബൽ വാച്ചർമാർ, ഫോറസ്റ്റ് ഗാർഡുമാർ എന്നിവരാണിവർ.ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ട്രൈബൽ വാച്ചർമാരും ഇക്കൂട്ടത്തിൽപെടുന്നു. ഐഎച്ച്ആർഡി, എപിസിസിഎഫ് വിംഗിന്റെ കർശനനിർദേശത്തെ തുടർന്നാണ് കൊടുംവേനലിൽ ഇവരെ പരിശീലനത്തിന് അയയ്ക്കാൻ കാരണം. മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷനുകീഴിൽ വരുന്ന മിക്കയിടത്തും ശക്തമായ കാട്ടുതീയാണ് ഉണ്ടാകുന്നത്.
അഗളി റേഞ്ചിൽപെട്ട മുക്കാലി, പുതൂർ, ഷോളയൂർ, ഒമ്മല, മണ്ണാർക്കാട് റേഞ്ചിൽ ഉൾപ്പെട്ട തിരുവിഴാംകുന്ന്, ആനമൂളി, പാലക്കയം എന്നീ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് പരിശീലനത്തിനു പോയിരിക്കുന്നത്. കാട്ടുതീയുടെ പശ്ചാത്തലത്തിൽ വനം കൈയേറ്റവും മറ്റും നടക്കുമെന്ന് അധികൃതർക്ക് വ്യക്തമായ അറിവുള്ളതാണ്.
വനംവകുപ്പിന് വേനൽക്കാലത്താണ് കൂടുതൽ ജോലിയുള്ളത്.
വനം കൈയേറ്റം തടയുക, കാട്ടുതീ തടയുക, കഞ്ചാവുകൃഷി നശിപ്പിക്കുക, നായാട്ടുസംഘങ്ങളെ തടയുക എന്നിവയാണ് ഇവരുടെ മുഖ്യജോലി.ജനുവരിമുതൽ മാർച്ചുവരെ മൂന്നുമാസക്കാലത്തേക്കാണ് ട്രൈബൽ വാച്ചർമാരെ നിയമിക്കാറുള്ളത്. കാലാവധി കഴിഞ്ഞുപോകാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ എന്തിനാണ് പരിശീലനമെന്നു ചോദിക്കുന്നവർ ഏറെയാണ്.
മണ്ണാർക്കാട് ഡിഎഫ്ഒയോ അനുബന്ധ ഓഫീസർമാരോ ഈ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധചെലുത്തിയിട്ടില്ല.
ഇവരുടെ പരിശീലനം പൂർത്തിയാക്കി തിരിച്ചെത്തിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.