വടകര: ഒരു സീറ്റുപോലും കിട്ടാത്തതില്‍ അമര്‍ഷം പ്രകടിപ്പിച്ചവര്‍ പ്രതിഷേധം ഉള്ളിലൊതുക്കി ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് രംഗത്ത്. ലോക്താന്ത്രിക് ജനതാദളിനാണ് (എല്‍ജെഡി) രണ്ടു ദിവസം കൊണ്ട് അമര്‍ഷം നീങ്ങിക്കിട്ടിയത്. മത്സരിക്കാന്‍ അവസരം ഇല്ലാത്തതില്‍ ജില്ലാ നേതൃത്വം കഴിഞ്ഞ ഞായറാഴ്ചയാണ് പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചത്.
വടകരയിലോ കോഴിക്കോടോ സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നു ജില്ലാ പ്രസിഡന്റ് വെളിപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ ഇതിനു രണ്ടു ദിവസത്തെ ആയുസേ ഉണ്ടായുള്ള. പ്രതിഷേധ സ്വരം ഉയര്‍ത്തിയ ഇതേ എല്‍ജെഡി നേതാവിനെ ചെയര്‍മാനാക്കിയാണ് ഇടതുമുന്നണി വടകര ലോക്സഭാ തെരഞ്ഞെടുപ്പു കമ്മിറ്റിക്കു രൂപം നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ എല്‍ജെഡിയുടെ സജീവ സാന്നിധ്യം ശ്രദ്ധേയവുമായി.
അടുത്ത തദ്ദേശസ്വയംഭരണ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ പ്രതിനിധ്യവും മാന്യമായ പരിഗണനയും നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ഉറപ്പു നല്കിയ സാഹചര്യത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി രംഗത്തിറങ്ങാന്‍ എല്‍ജെഡി തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാര്‍, മുന്‍ മന്ത്രി കെ.പി.മോഹനന്, സംസ്ഥാന സെക്രട്ടറി എം.കെ.ഭാസ്കരന്, മനയത്ത്ചന്ദ്രന്‍ തുടങ്ങിയവരെല്ലാം പരിപാടിക്കെത്തി.
മത്സരിക്കാനാവാത്തതില്‍ പ്രതിഷേധമുണ്ടെങ്കിലും സമകാലിക രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. ഉപാധികളോടെയല്ല ഈ തീരുമാനമെന്നും സംസ്ഥാന കമ്മിറ്റിയില്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നുമാണ് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. സീറ്റ് നിഷേധിച്ചാല്‍ സ്വാഭാവികമായും പ്രതിഷേധമുണ്ടാകും. സീറ്റ് കിട്ടാത്തതില്‍ അതൃപ്തി ജില്ല പ്രസിഡന്റിന് മാത്രമല്ല, മൊത്തം പാര്‍ട്ടിക്കുള്ളിലുണ്ട്. പ്രതിഷേധം ഉഭയകക്ഷി ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
പ്രത്യേക സാഹചര്യത്തിലാണ് സിപിഎമ്മും സിപിഐയും മാത്രം മത്സരിക്കേണ്ടി വന്നത്. എങ്ങനെ മുന്നണിയെ വിജയിപ്പിക്കാമെന്നാണ് രാഷ്ട്രീയമായി ഇപ്പോള്‍ പാര്‍ട്ടി കാണുന്നത്. ഭരണമാറ്റത്തിന് ഇടതുപക്ഷത്തിന്റെ സാന്നിധ്യം ആവശ്യമാണെന്നും ശ്രേയാംസ്കുമാര്‍ പറഞ്ഞു.