കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച പരസ്യ ബോർഡുകൾ മറയ്ക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുസംബന്ധിച്ച് നടപടികൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. സംസ്ഥാനത്തെ 20 ലോകസഭാമണ്ഡലങ്ങളിൽ കോടികളുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ചിട്ടുണ്ട്.
ബസ് സ്റ്റാൻഡുകൾ, സ്കൂൾ കെട്ടിടങ്ങൾ, സ്കൂൾ വാഹനങ്ങൾ, ആശുപത്രി വാഹനങ്ങൾ, ആംബുലൻസ്, ജയിൽ വാഹനങ്ങൾ, ബസ് ഷെൽട്ടറുകൾ എന്നിവയെല്ലാം ഇതിൽപെടും. ഇവയിലെല്ലാം അതതു എംപിമാരുടെ പേരും എഴുതിയിട്ടുണ്ട്. ഇത്തരം ബോർഡുകൾ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ മറച്ചുവയ്ക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
ഇത്തരം ബോർഡുകൾ ഉപയോഗിച്ച് സ്ഥാനാർഥികൾ പ്രചാരണം നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം. എന്നാൽ, മുൻ എംപിമാരുടെ വികസനഫണ്ട് ബോർഡുകൾ നീക്കം ചെയ്യില്ല. വർഷം അഞ്ചുകോടി രൂപയാണ് എംപിമാർക്ക് പ്രാദേശിക വികസനഫണ്ടായി കേന്ദ്രസർക്കാർ അനുവദിക്കുന്നത്. അഞ്ചു വർഷമാകുന്പോഴേക്കും 25 കോടി രൂപ ഒരു എംപിക്ക് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ലഭിക്കുന്നത്.
ഇതു പൂർണമായി ചെലവഴിക്കുന്ന എംപിമാർ കുറവാണെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഓരോ മണ്ഡലത്തിലും അടിയന്തരവും ഏറ്റവും പ്രാധാന്യമർഹിക്കുന്നതുമായ പദ്ധതികൾക്ക് മുൻഗണന നൽകിയാണ് എംപി ഫണ്ട് വിനിയോഗിക്കേണ്ടത്.
പ്രാദേശിക പിന്നോക്കാവസ്ഥയായിരിക്കണം മാനദണ്ഡം. വ്യക്തി, രാഷ്ട്രീയ താത്പര്യങ്ങൾക്കു വഴങ്ങി എംപി ഫണ്ട് ചെലവഴിക്കുന്നതായും ആപേക്ഷമുണ്ട്. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി നിരീക്ഷകർ അടുത്തയാഴ്ച എത്തും.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും പെരുമാറ്റചട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ആദ്യ യോഗം ഇന്നലെ ചേർന്നു.പെരുമാറ്റചട്ടം ശക്തമായി നടപ്പാക്കുന്നതിന് നാളെ മുതൽ പരിശോധന ആരംഭിക്കും.