പെരിയ: കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകൾ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
ഇരു വീടുകളിലും 10 മിനിറ്റോളം അദ്ദേഹം ചിലവഴിച്ചു. ഈ കൊടും കുറ്റകൃത്യം ചെയ്തവർക്ക് എന്തായാലും ശിക്ഷ ഉറപ്പാക്കുമെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് രാഹുലിനെ കാണാൻ എത്തിയിരുന്നത്.
കേരളത്തിന്റെ മുഖ്യമന്ത്രി വരാത്തിടത്ത് രാഹുൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു. കേസ് സിബിഐ അന്വേഷണത്തിന് വിടുന്നതിനായി എല്ലാവിധ നിയമസഹായങ്ങളും നൽകാമെന്ന് രാഹുൽ അറിയിച്ചതായും കൃഷ്ണൻ കൂട്ടിച്ചേർത്തു.