ബാഴ്സലോണ: സ്വന്തം കളത്തില്‍ അട്ടിമറിയൊന്നുമില്ലാതെ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടറിലെത്തി. രണ്ടു ഗോള്‍ നേടുകയും രണ്ടു ഗോളിന് അസിസ്റ്റ് നല്‍കുകയും ചെയ്ത ലയണല്‍ മെസിയുടെ ഗംഭീര പ്രകടനം ബാഴ്സലോണയ്ക്ക് ഒളിമ്പിക് ലിയോണിനെതിരേ 5-1ന്റെ ജയമൊരുക്കി. ലിയോണില്‍ നടന്ന ആദ്യപാദം ഗോള്‍രഹിത സമനിലയായിരുന്നു. തുടര്‍ച്ചയായി 12 ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തിയ ബാഴ്സലോണ പുതിയ റിക്കാര്‍ഡും സ്ഥാപിച്ചു.
17-ാം മിനിറ്റില്‍ ലുയി സുവാരസിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച സ്പോട് കിക്ക്, പെനാങ്ക കിക്കിലൂടെ വലയിലാക്കി മെസി ബാഴ്സലോണയ്ക്കു ലീഡ് നല്കി. 31-ാം മിനിറ്റില്‍ സുവാരസിന്റെ പാസിൽ ഫിലിപ്പെ കുടിഞ്ഞോ ലീഡുയർത്തി. 58-ാം മിനിറ്റില്‍ ലുകാസ് ടൗസോയുടെ ഗോള്‍ ലിയോണിന് പ്രതീക്ഷകള്‍ നല്കി.
എന്നാല്‍, തിരിച്ചുവരാമെന്ന ഫ്രഞ്ച് ക്ലബ്ബിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് മെസി 78-ാം മിനിറ്റില്‍ പ്രതിരോധക്കാര്‍ക്കിടയിലൂടെ പായിച്ച നിലംപറ്റെയുള്ള ഷോട്ട് വലയില്‍ . 81-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വെയുടെയും 86-ാം മിനിറ്റില്‍ ഒസാമെന് ഡെംബെലെയുടെയും ഗോളുകള്‍ക്കും മെസിയാണ് വഴിയൊരിക്കിയത്.
ലിയോണിന്റെ ഗോള്‍ ക്ലബ്ബിന്റെ യൂറോപ്യന്‍ ചരിത്രത്തിലെ 200-മത്തെതായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഫ്രഞ്ച് ക്ലബ്ബാണ് ലിയോണ്‍.ബാഴ്സലോണ സ്വന്തം ന്യൂകാമ്പില്‍ നടന്ന കഴിഞ്ഞ 30 ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലും തോറ്റിട്ടില്ല. 27 ജയവും മൂന്നു സമനിലയുമാണ്. ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും നീണ്ട കാലമാണ് ഇത്.