ഒരു കാലത്ത് ആകാശത്തെ ഒരു കാഴ്ച മാത്രമായിരുന്ന ചന്ദ്രനെ മനുഷ്യര്‍ കീഴടക്കിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അമേരിക്കയുടെ അപ്പോളോ-17 ദൗത്യം
1972 ഡിസംബര്‍ ഏഴിനു പറന്നുയര്‍ന്നതിനു ശേഷം ചന്ദ്രനിലേക്ക് ഇതുവരെ മറ്റാരും യാത്ര പോയിട്ടില്ല. അവസാനമായി ചന്ദ്രനില്‍ നിന്നു കയറിയതാവട്ടെ അമേരിക്കന്‍ ആസ്ട്രോനട്ട് യൂജിന്‍ സെര്‍നോണും. 1969 ജൂലൈ 16ലെ അപ്പോളോ-11ന്റെ യാത്ര മനുഷ്യ ചരിത്രത്തിലെ തന്നെ ഒരു ഏടായിരുന്നു. നീല്‍ ആംസ്ട്രോംഗും എഡ്വിന് ആള്‍ഡ്രിനും മൈക്കള്‍ കോളിന്‍സും അന്ന് ചന്ദ്രനില്‍ നിന്നും മടങ്ങിയത് ചുമ്മാ കയ്യും വീശിയല്ല തിരികെയെത്തിയത്. എല്ലാവരും ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് പലതരം സാംപിളുകള്‍ ശേഖരിച്ചിരുന്നു.
അപ്പോളോ 17 ദൗത്യത്തിലുണ്ടായിരുന്നവരാകട്ടെ ഒരു പടി കൂടി മുന്നോട്ടു പോയി. അവര്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഒരു കുഴല്‍ ഇറക്കി അതിന്റെ സാംപിള്‍ ശേഖരിച്ചു. ഏകദേശം 800 ഗ്രാം ചന്ദ്രനിലെ മണ്ണാണ് അത്തരത്തില്‍ ഭൂമിയിലേക്കു കൊണ്ടുവന്നത്. എന്നാല്‍ അരനൂറ്റാണ്ടു മുന്‍പ് ഇതെല്ലാം ഭൂമിയില്‍ കൊണ്ടുവന്നിട്ട് യാതൊരു കാര്യവുമില്ലെന്ന് ഗവേഷകര്‍ക്ക് അറിയാമായിരുന്നു. ഇവ സൂക്ഷ്മമായി പരിശോധിക്കാനുള്ള ഉപകരണങ്ങളൊന്നും അന്നു കണ്ടുപിടിച്ചിട്ടു പോലുമില്ല എന്നതു തന്നെ കാരണം. അങ്ങനെയാണു ഗവേഷകര്‍ ആ നിര്‍ണായക തീരുമാനമെടുത്തത്. ചന്ദ്രനില്‍ നിന്നു ശേഖരിച്ച വിലയേറിയ സാംപിളുകളെല്ലാം സൂക്ഷിച്ചു വയ്ക്കുക. കാലങ്ങളോളം കാത്തുവച്ച അവ തുറക്കാന്‍ പോവുകയാണിപ്പോള്‍. അതിനൊരു സംഘത്തെ തന്നെ നിയോഗിച്ചു കഴിഞ്ഞു നാസ.
അമേരിക്കയുടെ ഈ ബഹിരാകാശ ഏജന്‍സിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ കൂടാതെ യൂണിവേഴ്സിറ്റി ഓഫ് അരിസോണ, യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയ ബെര്‍ക്ക്ലി, യുഎസ് നേവല്‍ റിസര്‍ച്ച് ലാബറട്ടറി, യൂണിവേഴ്സിറ്റി ഓഫ് ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ ഗവേഷകരും സംഘത്തിലുണ്ട്. ഇത്തരത്തിലുള്ള ഒന്‍പതു സംഘങ്ങളെയാണു സാംപിള്‍ പരിശോധനയ്ക്കു നിയോഗിച്ചിരിക്കുന്നത്.
എന്നാല്‍ ഇപ്പോഴും ഇവ പൂര്‍ണമായ തോതില്‍ പരിശോധിക്കാനുള്ള സംവിധാനം ഗവേഷകരുടെ കയ്യിലില്ല. എന്നാല്‍ ചന്ദ്രനിലെ പുതിയ സാംപിളുകള്‍ അധികം വൈകാതെ തന്നെ കയ്യിലെത്തുമെന്നാണു നാസ പറയുന്നത്. അതായത് ചന്ദ്രനിലേക്ക് യുഎസിന്റെ അടുത്ത ദൗത്യം അധികം വൈകാതെ ഉണ്ടാകുമെന്നര്‍ഥം. പക്ഷേ ഭൂമിയിലെ അന്തരീക്ഷത്തില്‍ തുറക്കുമ്പോള്‍ ഈ സാംപിളുകള്‍ക്ക് പ്രശ്നമൊന്നും വരാതെ സംരക്ഷിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം ഗവേഷകര്‍ക്കാണ്. അതെങ്ങനെ നടപ്പാക്കുമെന്ന കൊണ്ടുപിടിച്ച ചര്‍ച്ചയിലാണ് എല്ലാവരും ഇപ്പോള്‍.
ചില സാംപിളുകള്‍ കൊടുംതണുപ്പില്‍ മരവിപ്പിച്ചു സൂക്ഷിച്ചിരിക്കുകയാണ്, മറ്റു ചിലതാകട്ടെ ഹീലിയം വാതകത്തിലും. തീപിടിക്കാത്ത, വിഷമയമില്ലാത്ത, വായുവിനേക്കാളും കനംകുറഞ്ഞ വാതകമാണ് ഹീലിയം എന്നതിനാലാണ് അതില്‍ സൂക്ഷിച്ചത്. ഇവ വിജയകരമായി പുറത്തെടുത്താല്‍ ചന്ദ്രനിലെ കാലാവസ്ഥ, മണ്ണ് രൂപപ്പെട്ടു വന്നതിന്റെ ചരിത്രം, ചന്ദ്രനിലെ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ തുടങ്ങിയവയെപ്പറ്റിയെല്ലാം അറിയാം. ചന്ദ്രോപരിതലം കുഴിച്ചെടുത്തു ശേഖരിച്ച സാംപിളില്‍ നിന്നാകട്ടെ അവിടത്തെ മണ്ണിലെ പാളികളെക്കുറിച്ചുള്‍പ്പെടെയുള്ള വിവരവും ലഭിക്കും. അമ്പരപ്പിക്കുന്ന ചാന്ദ്രവാര്‍ത്തകള്‍ക്കായി നമുക്കു കാത്തിരിക്കാമെന്നു ചുരുക്കം.