സ്വന്തം ലേഖകന്‍
കോഴിക്കോട്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡല്‍ഹിക്ക് പറന്നത് 17 സീറ്റുകള്‍ സ്വപ്നം കണ്ട്. നിലവിലെ സാഹചര്യത്തില്‍ 17 സീറ്റുകളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുഡിഎഫ് വിജയിച്ചുകയറുമെന്നാണ് നേതാക്കള്‍ രാഹുലിനെ അറിയിച്ചത്. സ്ഥാനാര്‍ഥികള്‍ ആക്കേണ്ടവരുടെ ലിസ്റ്റും നേതൃത്വത്തിന് കൈമാറി. രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും.
അനുകൂല സാഹചര്യം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കാലതാമസം മൂലം ഒഴിവായിപോകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് രാഹുല്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി.അതേസമയം ബിജെപിയ്ക്ക് കേരളത്തില്‍ ഒരു സീറ്റുപോലും ലഭിക്കില്ലെന്നും അവരുടെ എകപ്രതീക്ഷയായ തിരുവനന്തപുരത്ത് ശശിതരൂരിനാണ് വിജയസാധ്യതയെന്നും നേതാക്കള്‍ രാഹുലിനെ ബോധ്യപ്പെടുത്തി.
പ്രധാനമായും എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവരുടെ വാക്കുകള്‍ക്കാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാഹുല്‍ പ്രാധാന്യം കൊടുത്തതെന്നാണ് അറിയുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇരുവരുടെയും താല്പര്യങ്ങള് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രമചന്ദ്രനും രമേശ് ചെന്നിത്തലയും ഇന്നലെ വിവിധ ഇടങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.
രാഹുല്‍ ഡല്‍ഹിയില്‍ എത്തിയാല്‍ ഉടന്‍ കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കും. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണംസംസ്ഥാനത്തെ വിഷയങ്ങളില്‍ മാത്രം ഒതുങ്ങിപോകരുതെന്ന് രാഹുല്‍ നിര്‍ദേശം നല്കി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പൊതു ജന മധ്യത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഏതറ്റം വരെയും പോകണം. ബിജെപിയുടെ ഭരണ പാളിച്ചകള്‍ ജനങ്ങളിലേക്കെത്തിക്കണം.
അതിനായിരിക്കണം ശ്രദ്ധചെലുത്തേണ്ടത്. മുഖ്യ ശത്രു ബിജെപി, രണ്ടാമത് സിപിഎം എന്ന നിലയിലായിരിക്കണം പ്രചാരണം. കേരളത്തില്‍ മാത്രമേ കോണ്‍ഗ്രസിന് സിപിഎം കടുത്ത എതിരാളികളായുള്ളൂവെന്ന കാര്യം ഓര്‍ക്കണമെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ കത്തികയറിയ രാഹുല്‍ സിപിഎം അക്രമ രാഷ്ട്രീയത്തെയും പരാമര്‍ശിച്ചത് കേരളത്തിലെ പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടാണ്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയയും േമാഡിയുടെ വ്യാജവാഗ്ദാനങ്ങളും സമന്വയിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
അതേസമയം സ്ഥാനാര്‍ഥി നിര്ണയത്തിനുശേഷമായിരുന്നു രാഹുല്‍ കേരളത്തില്‍ എത്തിയിരുന്നതെങ്കില്‍ അത് പ്രചാരണരംഗത്ത് സ്ഥാനാര്‍ഥികള്‍ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ വഴിയൊരുക്കുമായിരുന്നുവെന്ന വികാരം പ്രവര്‍ത്തകര്‍ക്കുണ്ട്. ഇന്നലെ ബിച്ചിലെ പൊതുസമ്മേളനത്തില്‍ മുസ്ളീം ലീഗ് സ്ഥാനാര്‍ഥികളെ ചേര്‍ത്തുനിര്‍ത്തി പ്രവര്‍ത്തകരെ രാഹുല്‍ അഭിവാദ്യം ചെയ്തിരുന്നു. എന്തായാലും സ്ഥാനാര്‍ഥി പട്ടികയെകുറിച്ച് നേതാക്കള്‍ക്കിടയില്‍ എകദേശ അഭിപ്രായ ഐക്യമുണ്ടായ സാഹചര്യത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് തീരുമാനം.