ഏനാത്ത്: വഴിയാത്രക്കാരിയായ യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ്. ബുധനാഴ്ച രാത്രി 8.15നാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക്് നേരെയാണ് ആക്രമണമുണ്ടായത്.
ഏനാത്ത്-ഏഴംകുളം റോഡിൽ ഏനാത്ത് ക്ഷേത്രത്തിന്റെ വഞ്ചിക്കു സമീപം വച്ചാണ് നടന്നു വന്നയാൾ കൈയിൽ കരുതിയിരുന്ന ആസിഡ് സാലിയുടെ മുഖത്തേക്ക് ഒഴിച്ചത്. മുഖത്ത് ഒരു ഭാഗത്തും കഴുത്തിലുമാണ് ആസിഡ് വീണത്.
കൊയ്പള്ളിമല സ്വദേശി രാജേഷാണ് ആക്രമണം നടത്തിയെതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
ഇയാൾ ഒളിവിലാണ്. പ്രതിക്ക് തന്നോടും കുടുംബത്തോടുമുള്ള മുൻ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് യുവതി പോലീസിന് മൊഴി നല്കിയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഏനാത്ത് എസ്ഐ സന്തോഷ് പറഞ്ഞു.