ആഗ്രഹിക്കുന്ന കഥാപാത്രങ്ങളും സിനിമകളും ലഭിക്കുന്നില്ല! മലയാള സിനിമയില്‍ നിന്നു തന്നെ പലരും പല കളികളും കളിക്കുന്നുണ്ട്; വെളിപ്പെടുത്തി, ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയുടെ മകന്‍ എന്ന ലേബലിലല്ലാതെ സ്വയം കഴിവ് തെളിയിച്ച് തന്നെ സിനിമാലോകത്തേയ്ക്ക് രംഗപ്രവേശം ചെയ്ത വ്യക്തിയാണ് ഗോകുല്‍ സുരേഷ്. ആദ്യ സിനിമയില്‍ തന്നെ ധാരാളം ആരാധകരെയും ഗോകുല്‍ സ്വന്തമാക്കുകയുണ്ടായി. അച്ഛനെപ്പോലെ തന്നെ മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാകാന്‍ തനിക്ക് കഴിയുമെന്ന് തെളിയിക്കുകയും ചെയ്തു, ഗോകുല്‍.

എന്നാല്‍ ഇപ്പോഴിതാ താന്‍ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന സിനിമാ ലോകത്തുനിന്ന് തന്നെ തനിക്കെതിരെ നീക്കങ്ങള്‍ നടക്കുന്നു എന്ന് വെളിപ്പെടുത്തി ഗോകുല്‍ സുരേഷ് രംഗത്തെത്തിയിരിക്കുന്നു.

ആഗ്രഹിക്കുന്ന കഥാപാത്രങ്ങളും സിനിമകളും തനിക്ക് ലഭിക്കാതിരിക്കാന്‍ പലരും പല കളികളും കളിക്കുന്നുണ്ടെന്നാണ് ഗോകുല്‍ സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. പക്ഷേ അതാരാണെന്ന് വ്യക്തമായി അറിയില്ലെന്നും ചിലരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും ഗോകുല്‍ വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

”ഞാന്‍ ആഗ്രഹിക്കുന്നതുപോലെയുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്. അത് ആരാണെന്ന് വ്യക്തമായി അറിയില്ല. ചിലരുടെ പോരൊക്കെ പറഞ്ഞ് കേള്‍ക്കാറുണ്ട്. സത്യത്തില്‍ അതിനെക്കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ല. സ്വന്തം കാലില്‍ നിന്ന് എന്നെ പ്രൂവ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നത്.

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അതിഥിവേഷമാണെങ്കില്‍, അതുവഴി എനിക്ക് അരുണ്‍ ഗോപി സറിനെ പരിചയപ്പെടാന്‍ കഴിഞ്ഞു. പ്രണവുമായി സൗഹൃദത്തിലാകാന്‍ കഴിഞ്ഞു. ആ എക്‌സ്പീരിയന്‍സാണ് ഞാനാഗ്രഹിച്ചത്. മാസ്റ്റര്‍പീസില്‍ ആണെങ്കിലും അതെ, മമ്മൂക്കക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. അതല്ലാതെ സിനിമയുമായോ സിനിമാക്കാരുമായോ എനിക്കത്ര ബന്ധമോ പരിചയങ്ങളോ ഇല്ല”-ഗോകുല്‍ പറഞ്ഞു.

Related posts