അഡാര്‍ ലവ് എന്ന സിനിമയിലെ നായികവിവാദത്തില് പുതിയ വെളിപ്പെടുത്തലുമായി സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച നടി റോഷ്ന. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കണ്ണിറുക്കല്‍ പാട്ട് ഹിറ്റായതോടെ നായികയായ നൂറിന് ഷെരീഫിനെ മാറ്റി പ്രിയ വാര്യരെ കൊണ്ടുവരികയായിരുന്നുവെന്ന് റോഷ്ന വെളിപ്പെടുത്തിയത്. ഇതുവരെ സംവിധായകന് ഒമര്‍ ലുലുവും പ്രിയ വാര്യരും പറഞ്ഞതിന് നേര്‍വിപരീതമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.
സന്തോഷമായി പോയ സെറ്റില്‍ വിവാദങ്ങള്‍ തുടങ്ങുന്നത് മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായതോടെയാണെന്ന് നടി പറയുന്നു. ആ ഒരൊറ്റ ഗാനത്തിലൂടെ പ്രിയ വാര്യര്‍ വലിയ പ്രശസ്തിയിലെത്തി. അതോടെ സ്വാഭാവികമായും നിര്‍മാതാവിന്റെ മനസുമാറി. ആരാണോ സിനിമ ഹിറ്റ് ആക്കുന്നത് അവരിലേക്ക് ആകുമല്ലോ പ്രൊഡ്യൂസറിന്റെ താല്പര്യം. പക്ഷേ ഇവിടെ നായികയെ അടക്കം മാറ്റുകയും കഥ തിരുത്തുകയും ചെയ്യേണ്ടി വന്നു. അത് ചിലരുടെ നിര്‍ബന്ധം കാരണം സംഭവിച്ചതാണ്.
ആദ്യം നായികയായി തീരുമാനിച്ചിരുന്നത് നൂറിനെയാണ്. പക്ഷേ പാട്ട് ഹിറ്റ് ആയതോടെ നിര്‍മ്മാതാവ് പ്രിയ മതി നായിക എന്നു തീരുമാനിക്കുകയും കഥ മാറ്റാന്‍ സംവിധായകനെ നിര്‍ബന്ധിക്കുകയും ചെയ്തു. അത് സംവിധായകനായ ഒമര്‍ ലുലുവിന് വിഷമമുണ്ടാക്കി. നിര്‍മ്മാതാവ് പ്രിയയുടെ പക്ഷത്തായിരുന്നു പ്രിയ തിരിച്ചും. ഞാന്‍ കൊണ്ടു വന്ന നായികയാണ് നൂറിന് എന്ന് ഒമറിക്ക പറഞ്ഞു. അങ്ങനെയൊക്കെയാണ് പ്രശ്നങ്ങളുടെ തുടക്കം.
കഥയെ ചൊല്ലിയും നിര്‍മാതാവും സംവിധായകനും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. നിര്‍മ്മാതാവിന് പ്രിയയും റോഷനും തമ്മിലുള്ള പ്രണയത്തിന് പ്രാധാന്യം കൊടുത്താല്‍ മതിയെന്നായിരുന്നു. നൂറിനുമായുള്ളത് വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ രീതിയില്‍ കഥ മാറ്റാന്‍ സംവിധായകനോട് അദ്ദേഹം പറഞ്ഞു.
പക്ഷേ അവസാനം ത്രികോണ പ്രണയകഥ ആണെന്ന പബ്ലിസിറ്റി കൊടുത്തു പോയതു കൊണ്ട്, ഇന്ന് കാണുന്ന രീതിയിലേക്ക് കഥ തീരുമാനിച്ച് പ്രശ്നങ്ങളൊക്കെ പരിഹരിച്ച് മുന്നോട്ട് പോകുകയായിരുന്നു’- റോഷ്ന പറയുന്നു. പക്ഷേ സിനിമയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന മാനസിക അടുപ്പം പിന്നീട് എല്ലാവര്‍ക്കിടയിലും ഇല്ലാതായെന്നും റോഷ്ന പറയുന്നു.
ചിത്രം തീയേറ്ററുകളിലെത്തിയ ശേഷം നൂറിന്റെ വേഷം ശ്രദ്ധനേടി. ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ ഒമര്‍ ലുലു സംസാരിച്ച ചില കാര്യങ്ങള്‍ വിവാദമായി. പ്രിയയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധമിപ്പോള്‍ ഇല്ലെന്നും അര്‍ഹിക്കാത്ത അംഗീകാരങ്ങള്‍ തേടിയെത്തിയപ്പോള്‍ പ്രിയ അടക്കമുള്ള ചില പുതുമുഖങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ഒമര്‍ ലുലു കുറ്റപ്പെടുത്തി.
റോഷനും പ്രിയയുമായി താന്‍ അകല്‍ച്ചയിലാണെന്ന തരത്തിലാണ് നൂറിനും സംസാരിച്ചത്. ഇതിനെല്ലാം മറുപടി പറയുകയും ചെയ്തു പ്രിയ. താന്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ല എന്നും ആരെയും തരംതാഴ്ത്തിയിട്ടില്ല എന്നും പ്രിയ പറയുന്നു. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രിയ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.
പാട്ടിറങ്ങിയതിന് ശേഷം തിരക്കഥ മാറ്റി എനിക്ക് പ്രാധാന്യം നല്കി എന്ന വാദം തെറ്റാണ്. പാട്ടിറങ്ങുന്നതിന് മുന്‍പ് തന്നെ എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള പൂര്‍ണ ധാരണ എനിക്ക് നല്‍കിയിരുന്നു. എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല. നൂറിനും ഞാനും തമ്മില്‍ വിലയ പ്രശ്നത്തിലാണെന്നാണ് സംസാരം. അത് സത്യമല്ല.
ഒരു അഡാര്‍ ലൗവില്‍ നൂറിന് ഒരുപാട് പ്രതീക്ഷ വച്ചിരുന്നു. ഞാനുമായി സ്ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്നത് അവരെ വിഷമിപ്പിച്ചിട്ടുണ്ടാകാം. അതായിരിക്കും എന്നോടുള്ള പ്രശ്നം. ഞാന്‍ ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ല. സിനിമ ഇറങ്ങിയതിന് ശേഷം എന്നെ പലരും കടന്നാക്രമിക്കുന്നുണ്ടെന്നും പ്രിയ പറഞ്ഞിരുന്നു. എന്തായാലും പ്രിയയുടെ വാദങ്ങളെ തള്ളുന്ന വെളിപ്പെടുത്തലാണ് റോഷ്ന നടത്തിയത്.