കൊച്ചി: പനന്പിള്ളി നഗറിൽ നടുറോഡിൽ പെണ്‍കുട്ടിയുടെ ദേഹത്തു ബൈക്കിലെത്തിയ യുവാവ് പെട്രോളൊഴിച്ച സംഭവത്തിൽ എറണാകുളം സൗത്ത് പോലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. യുവാവിനെ തിരിച്ചറിയുന്നതിനായി അന്വേഷണം വ്യാപകമാക്കിയെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും അധികൃതർ പറഞ്ഞു.
പെണ്‍കുട്ടിയുടെ മൊഴി ഇന്നലെ രാത്രി തന്നെ പോലീസ് രേഖപ്പെടുത്തി. പ്രേമനൈരാശ്യമാകാം ആക്രമണത്തിനു പിന്നിലെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാൽ, അത്തരത്തിലുള്ള വിവരങ്ങളൊന്നും പെണ്‍കുട്ടിയുടെ മൊഴിയിൽ ഇല്ലെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി 7.15 ഓടെ പനന്പിള്ളി നഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപമായിരുന്നു സംഭവം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ഏവിയേഷൻ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞശേഷം പെണ് സുഹൃത്തിനോടൊപ്പം നടന്നു വീട്ടിലേക്കു മടങ്ങുകയായിരുന്നു.
ഈ സമയം ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച യുവാവ് പ്ലാസ്റ്റിക് കുപ്പിയിൽ കരുതിയ പെട്രോൾ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ചു. ഭയന്ന പെണ്‍കുട്ടി ഉടൻ റോഡ് മുറിച്ച് കടന്നു സമീപത്തെ കടയിൽ രക്ഷ തേടി. നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി സ്ഥലത്തുനിന്നു കടന്നുകളഞ്ഞു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. തൃക്കാക്കര എസിപി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തിരുവല്ലയിൽ യുവാവ് പെട്രോളൊഴിച്ച് പെണ്‍കുട്ടിയെ തീകൊളുത്തി അപായപ്പെടുത്താൻ ശ്രമിച്ചതിന്റെ ഞെട്ടൽ മാറുംമുന്‍പാണ് ഇത്തരത്തിലൊരു ശ്രമം കൊച്ചിയിലും നടന്നത്.