കുളത്തൂപ്പുഴ: കുളത്തുപ്പുഴ വനമേഖലയിലും ഗ്രാമപ്രദേശങ്ങളും കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമാണവും വിപണനവും വ്യാപകമാകുന്നു. വിഷു ഉത്സവ സീസണും തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് രഹസ്യമായി വ്യാജമദ്യ നിർമാണം തകൃതിയായത്.
വനമേഖലയിൽ വച്ച് നിർമ്മിച്ച് കുപ്പികളിലാക്കി എത്തിക്കുന്ന വ്യാജമദ്യം വിൽപന നടത്തുന്നതിന് പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ചോഴിയകോട് മിൽപാലം, മാപ്പാറ കടവ്, അമ്മയമ്പലത്തിനു സമീപമുള്ള ആളൊഴിഞ്ഞ കളിക്കളങ്ങൾ, സാംനഗർ വനത്ത് മുക്ക്, വില്ലുമല കോളനി, ചെറുകര, നെടുവന്നുർ കടവ് തുടങ്ങിയ പ്രദേശങ്ങളിൽ ഇവയുടെ വിപണനം സജീവമാണ്.
മൊബൈൽ ഫോണിലൂടെ ഓർഡർ ശേഖരിച്ച് ആവശ്യക്കാർക്ക് ബൈക്കുകളിലും ഓട്ടോകളിലും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുന്ന വിധത്തിലുള്ള വിപണന സംഘങ്ങളും പ്രദേശത്ത് പ്രവർത്തിക്കുന്നു. ആൾ സഞ്ചാരം കുറഞ്ഞ വനമേഖലകളിലെ ചതുപ്പ് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വാറ്റുസംഘങ്ങൾ വ്യാജമദ്യ നിർമാണത്തിൽ ഏർപ്പെടുന്നത്.
അതിനാൽ തന്നെ അധികൃതരുടെ പരിശോധനകൾ നടക്കാറില്ല. അത് ഇത്തരക്കാർക്ക് സഹായമായി മാറുന്നുണ്ട്. ഏതാനും നാൾ മുമ്പ് ചോഴിയക്കോട് വനമേഖലയിൽ പോലീസ്, എക്സൈസ്, വനം വകുപ്പുകൾ സംയുക്ത റെയ്ഡ് നടത്തിയെങ്കിലും വ്യാജവാറ്റു സംഘങ്ങളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതും വിൽപന വ്യാപിക്കാൻ പ്രചോദനമായിട്ടുണ്ട്. പ്രദേശത്ത് ഓടുന്ന ചി ലഓട്ടോറിക്ഷകൾ മുഖാന്തരമാണ് വ്യാജ ചാരായവും മറ്റും ഈ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ വ്യാപാരം നടത്തുന്നത് എന്നാണ് ജനസംസാരം.