മഞ്ചേരി: ഗാർഹിക പീഡനത്തിൽ പരാതി നൽകിയ യുവതിക്ക് സംരക്ഷണം നൽകണമെന്നു മഞ്ചേരി പോലീസിനോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി. മധുസൂദനൻ. മഞ്ചേരി കിഴക്കേതല കുന്നത്ത് അതുല്യ (21)യാണ് ഭർത്താവ് കാവനൂർ മേലേകണ്ടി അനൂപ് (32), ഭർതൃമാതാപിതാക്കളായ ശാന്ത (60), കേളുകുട്ടി (65), ഭർതൃ സഹോദരൻ സനൂപ് (35) എന്നിവർക്കെതിരെ മഞ്ചേരി സിജഐം കോടതിയിൽ അഭിഭാഷകനായ എ.പി ഇസ്മായിൽ മുഖേന പരാതി നൽകിയത്. ‘
പരാതി പരിഗണിച്ച കോടതി യുവതിക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്നു പോലീസിനോടും പരാതിക്കാരിയെ കാവനൂരിലെ വീട്ടിൽ നിന്നു പുറത്താക്കുകയോ ഗാർഹിക പീഡനങ്ങൾക്കു വിധേയയാക്കുകയോ ചെയ്യരുതെന്നു എതൃകക്ഷികളോടും കോടതി താത്കാലിക ഉത്തരവിലൂടെ ആവശ്യപ്പെട്ടു.
അതോടൊപ്പം വീട് ഉൾപ്പെടുന്ന സ്ഥലം കൈമാറ്റം ചെയ്യുന്നതും കോടതി താത്ക്കാലികമായി തടഞ്ഞു. കേസിൽ അന്തിമവിധി വരുന്നതുവരെ ഭാര്യക്ക് 4000 രൂപയും കുഞ്ഞിനു 2500 രൂപയും പ്രതിമാസം ചെലവിനു നൽകാനും കോടതി വിധിച്ചു. 2016 ഫെബ്രുവരി മൂന്നിനായിരുന്നു ഇവരുടെ വിവാഹം.
[വിവാഹ സമയത്ത് ഭാര്യ വീട്ടുകാർ 35 പവൻ സ്വർണാഭരണങ്ങളും ഒന്നരലക്ഷം രൂപയുടെ ഗൃഹോപകരണങ്ങളും നൽകിയിരുന്നു. ഇതിൽ 25 പവൻ സ്വർണാഭരണങ്ങൾ സ്വന്തം ആവശ്യങ്ങൾക്കായി എടുത്തുപറ്റിയ എതൃകക്ഷികൾ അതുല്യ ഗർഭിണിയായതോടെ കൂടുതൽ ആവശ്യപ്പെട്ടു ശാരീരിക മാനസിക പീഡനങ്ങൾക്കു വിധേയയാക്കിയെന്നാണ് പരാതി.