രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ നിരവധി വനിതകള്‍ നമ്മുടെ ചരിത്രത്തിലുണ്ട്. ഡോ.സീമ റാവു അത്തരത്തിലൊരാളാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ കോംപാറ്റ് ട്രെയിനര്‍. രണ്ടു പതിറ്റാണ്ടുകൊണ്ട് സീമ സൈനിക പരിശീലനം നല്‍കിയത് 20,000 പേര്‍ക്ക്. അതില്‍ തന്നെ പൊലീസ്, സൈനികര്‍, പാരാ മിലിറ്ററി, കമാന്‍ഡോ എന്നിവരെല്ലാം പെടുന്നു. ബ്ലാക്ക് ബെല്‍റ്റ് ഹോള്‍ഡര്‍, ഷൂട്ടിങ്ങ് ഇന്‍സ്ട്രക്ടര്‍, ഫയര്‍ ഫൈറ്റര്‍, സകൂബാ ഡൈവര്‍, റോക്ക് ക്ലിംബിങ്ങില്‍ എച്ച് എം ഐ മെഡല്‍ ജേതാവ്.. ഇങ്ങനെ പോകുന്നു ഡോ. സീമയ്ക്കുള്ള വിശേഷണം.
ആരാണ് സീമാ റാവു എന്ന ചോദ്യത്തിന് ”ഞാനൊരു ഇന്ത്യന്‍ പൗരന്.. എന്നെക്കൊണ്ട് കഴിയുന്നത് രാജ്യത്തിനായി ചെയ്യുന്നു”ഇങ്ങനെയാണ് ഡോ.സീമ റാവു തന്നെത്തന്നെ വിശേഷിപ്പിക്കുന്നത്. നേട്ടങ്ങളുടെ നിരവധി തൂവലുകള്‍ സീമ റാവുവിന്റെ തൊപ്പിയില്‍ കാണാം. ബ്രൂസ് ലീയുടെ ‘ജീത് കുണ് ഡോ’ (jeet kune do) പരിശീലിപ്പിക്കുന്ന ലോകത്തിലെ തന്നെ പത്ത് പരിശീലകരില്‍ ഒരാളാണ് സീമ റാവു..
മെഡിസിന്, െ്രെകസിസ് മാനേജ്മെന്റില്‍ എം ബി എ.. ഇങ്ങനെ കൈനിറയെ പണം കിട്ടുന്ന ജോലികള്‍ മുമ്പിലുണ്ടായിട്ടും രാജ്യത്തിനെ സേവിക്കണമെന്ന മോഹമാണ് ഡോ. സീമയെ പരിശീലകയാക്കി മാറ്റിയത്. സ്വാതന്ത്ര്യസമര കാലത്തെ ത്യാഗോജ്ജ്വലമായ കഥകള്‍ അച്ഛനില്‍ നിന്നും കേട്ടപ്പോഴാണ് തന്റെ ജീവിതവും രാജ്യത്തെ സേവിക്കാനായി നല്‍കണമെന്ന് അവള് കരുതുന്നത്. സ്വാതന്ത്ര്യസമര സേനാനി പ്രൊഫ.രമാകാന്ത് സീനാരിയുടെ മകളാണ് സീമ..
കുട്ടിക്കാലത്ത് താന്‍ കൂട്ടുകാരില്‍ നിന്നും അവഗണിക്കപ്പെട്ടിരുന്നെന്നും അതിനൊരു മാറ്റമുണ്ടാകാന്‍ അതിയായി ആഗ്രഹിച്ചിരുന്നെന്നും സീമ പറയുന്നു.മെഡിസിന് പഠിക്കുമ്പോഴായിരുന്നു ഡോ. ദീപക് റാവുവുമായി സീമയുടെ വിവാഹം. പന്ത്രണ്ടാമത്തെ വയസ്സ് മുതല്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പഠിക്കുന്ന ദീപക് റാവുവാണ് സീമയേയും അതിലേക്ക് കൊണ്ടുചെല്ലുന്നത്. പിന്നീട്, രാഷ്ട്രപതിയില്‍ നിന്നും മെഡല്‍ വാങ്ങുന്ന നിലയിലേക്ക് സീമ വളരുകയായിരുന്നു. ഭര്‍ത്താവിന്റെ കീഴില്‍ പരിശീലനം നേടുമ്പോള്‍ കുട്ടിക്കാലത്ത് അവഗണിച്ചിരുന്നതിന് പകരം ചോദിക്കണമെന്ന് സീമ മനസ്സില്‍ കരുതിയിരുന്നു.
1990ന്റെ തുടക്കത്തില്‍ ദമ്പതികള്‍ക്കു നേരെ നടന്ന ഒരു അതിക്രമത്തിലാണ് പഠിപ്പിച്ച കാര്യങ്ങള്‍ പുറത്തെടുക്കണമെന്ന് ദീപക് സീമയോട് പറയുന്നത്. അവരെ സീമ തനിച്ചുതന്നെ നേരിട്ടു. അതിനേക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും രോമാഞ്ചമാണെന്ന് സീമ പറയും. അങ്ങനെ, ദുര്‍ബലയായിരുന്ന ഒരാളില്‍ നിന്ന് മാനസികമായും ശാരീരികമായും ശക്തയായ ഒരാളിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു.
അപ്പോഴും രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് ആ ദമ്പതികള്‍ ആലോചിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് സൈനികരെ മാര്‍ഷ്യല്‍ ആര്‍ട്സ് പരിശീലിപ്പിക്കുന്നതിലേക്ക് എത്തുന്നത്. ഭര്‍ത്താവിന്റെ കൂടെ പരിശീലീപ്പിക്കാനെത്തുന്ന സീമയും ശ്രദ്ധാകേന്ദ്രമായി. പിന്നീട്, നിരവധി പരിശീലനങ്ങള്‍ക്ക് അവരെ വിളിച്ചു. ഒരു സ്ത്രീയെന്ന നിലയില്‍ ഇതൊന്നും ഒട്ടും എളുപ്പമായിരുന്നില്ലായെന്നും സീമ ഓര്‍ക്കുന്നുണ്ട്. മാനസികമായും ശാരീരികമായും പാകപ്പെടണം.. ‘ഞാനവരെ അച്ചടക്കം പഠിപ്പിക്കുകയായിരുന്നില്ല, അവരുടെ ആത്മവിശ്വാസം എന്നെയും നല്ലൊരു പരിശീലകയാക്കി. പയ്യെപ്പയ്യെ, ഞാന്‍ പരിശീലനം നല്‍കുന്നവരുടെ ബഹുമാനവും ആദരവും എനിക്ക് കിട്ടിത്തുടങ്ങി.’
തങ്ങളുടെ സേവനത്തിന് യാതൊരു തരത്തിലുള്ള പ്രതിഫലവും അവര്‍ സ്വീകരിച്ചിരുന്നില്ല. വീടും സ്ഥലവും വിറ്റുവരെ അവര്‍ തങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിന് വഴി കണ്ടുതുടങ്ങി. തീര്‍ന്നില്ല, പരിശീലന സമയത്ത്, വളരെ വലിയ രണ്ട് അപകടങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട് സീമ. പക്ഷെ, തോറ്റുകൊടുക്കാന്‍ തയ്യാറാവാതെ തിരികെ വന്നു. പരിശീലനത്തിനു ശേഷമുള്ള സമയങ്ങളില്‍ അന്ധേരിയിലുള്ള തന്റെ ഫിറ്റ്നെസ്സ് അക്കാഡമിയില്‍ പുരുഷന്മാരെ ബോക്സിംഗ് പഠിപ്പിക്കുകയണ് സീമ. വയസ്സില്‍ തന്റെ പകുതിയും, കരുത്തില്‍ തന്റെ ഇരട്ടിയുമുള്ള പുരുഷന്മാരുമായുള്ള ബോക്സിംഗ് തനിക്ക് ആവേശമാണെന്നും അവസാനം അവരെ താന്‍ നിലം പരിശാക്കി വിജയത്തിലേക്കെത്താറുണ്ടെന്നും സീമ പറയുന്നു. തങ്ങള്‍ ദുര്‍ബലരാണെന്ന തോന്നലില്‍ തളര്‍ന്നു പോകുന്നവര്‍ക്ക് ഒരു ഉണര്‍ത്തു പാട്ടാണ് ഡോ. സീമ റാവുവിന്റെ ജീവിതം.