ചങ്ങരംകുളം: പിതാവ് പൊള്ളലേറ്റു മരിച്ച സംഭവത്തിൽ മകൻ റിമാൻഡിൽ. പൊന്നാനി ഈശ്വരമംഗലം കോട്ടത്തറ സ്വദേശി മാന്പ്ര നാരായണൻ(65) ആണ് പൊള്ളലേറ്റ് ചികിൽസയിലിരിക്കേ കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ മകൻ വിനോദി (27) നെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.
പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി യുവാവിനെ റിമാൻഡ് ചെയ്തു. ചെയ്തു. ഒരാഴ്ച മുന്പാണ് മരണത്തിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തിയ മകൻ അച്ഛൻ കിടക്കുന്നതിനടുത്തുള്ള വസ്ത്രങ്ങളും പുതപ്പും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. വർഷങ്ങളായി കിടപ്പിലായ നാരായണന്റെ ദേഹത്തേക്കും തീ പടർന്നു. കിടപ്പിലായതിനാൽ ഇയാൾക്ക് രക്ഷപ്പെടാനും കഴിഞ്ഞില്ല.
ശരീരമാസകലം പൊള്ളലേറ്റ നിലയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച നാരായണനെ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലേക്കു മാറ്റുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ നാരായണൻ മരിച്ചു.
സംഭവത്തിൽ ദുരൂഹതയുള്ളതായി നേരത്തെ പോലീസിന് സംശംയമുണ്ടായിരുന്നതിനാൽ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പിടിയിലായ പ്രതി ലഹരിക്ക് അടിമയായിരുന്നതായും പലപ്പോഴും പണത്തിന് വേണ്ടി വീട്ടുകാരെ ബുദ്ധിമുട്ടിച്ചിരുന്നതായും വിവരങ്ങളുണ്ടായിരുന്നു.