മാഹി: തലശേരി -മാഹി ബൈപ്പാസ് റോഡിന്റെ പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കവെ മാഹി പുഴയ്ക്ക് കുറുകെ റെയിൽവെ പാലത്തിന് സമീപം പണിയുന്ന പാലത്തിന്റെ പൈലിംഗ് പ്രവൃത്തി ഈ മാസം അവസാനത്തോടെ പൂർത്തിയാകും. 870 മീറ്ററാണ് പാലത്തിന്റെ നീളം. കുയ്യാലി, അഞ്ചരക്കണ്ടി, എരഞ്ഞോളി പുഴകൾക്കു കുറുകയും പാലങ്ങളുടേയും പണി നടന്നു കൊണ്ടിരിക്കുകയാണ്.ഇ
തിൽ മയ്യഴി പുഴയ്ക്ക് കുറുകെയുള്ളതാണ് ഏറ്റവും നീളം കൂടിയ പാലം മാഹി റെയിൽവെ പാലത്തിന് സമീപത്ത് കൂടി തന്നെയാണ് ഇതിന്റെ പോക്ക്. ഇക്കരെ ഒളവിലം ഭാഗത്ത് നിന്ന് തുടങ്ങുന്ന പാലം മാഹി റെയിൽവെ സ്റ്റേഷന്റെ കിഴക്ക് വശത്താണ് മറുഭാഗം അവസാനിക്കുന്നത്.അതിനിടെ പുഴയ്ക്കു കുറുകെ താത്ക്കാലിക പാലം കെട്ടിയുണ്ടാക്കിയതിലൂടെ ചെറിയ വാഹനങ്ങളും, ഇരുച ക്രവാഹനങ്ങളും കുറുക്കു വഴി തേടി താത്കാലിക പാലത്തിലൂടെ സഞ്ചാരം തുടങ്ങിയിട്ടുമുണ്ട്.
അഴിയൂർ ഭാഗത്ത് നിന്ന് ചൊക്ലി ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വണ്ടികളാണ് പഴയ മാഹി പാലവും പെരിങ്ങാടി ഗെയിറ്റും ഒഴിവാക്കി കിട്ടുവാൻ ഇതുവഴി കടന്നു പോകുന്നത്.1977ലാണ് ബൈപ്പാസിനായുള്ള സ്ഥലം ഏറ്റെടുക്കൽ ആരംഭിച്ചത്.
മാഹി,അഴിയൂർ ഭാഗത്തെ സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകൾക്കുള്ള നഷ്ടടപരിഹാരത്തുകയെ ചൊല്ലിയുള്ള തർക്കത്തിൽ പദ്ധതി നടപ്പാക്കാൻ 38 വർഷം കാത്തിരിക്കേണ്ടി വന്നു.2020 ൽ പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുവാൻ ലക്ഷ്യം വെച്ചാണ് പണി പുരോഗമിക്കുന്നത്.