ലൂസിഫർ പൂർണമായും മോഹൻലാൽ ചിത്രമാണെന്ന് ഇന്ദ്രജിത്ത്. യുവതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. ഈ ചിത്രത്തിൽ പൃഥ്വിരാജിന്റെ ചേട്ടൻ കൂടിയായ ഇന്ദ്രജിത്ത് പ്രധാനവേഷം ചെയ്തിട്ടുണ്ട്. കൊമേഴ്സ്യൽ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ലൂസിഫറിലുണ്ട്. മുരളി ഗോപിയുടെ തിരക്കഥയായതിനാൽ ശക്തമായ ഉള്ളടക്കവും ചിത്രത്തിനുണ്ടെന്ന് ഇന്ദ്രജിത്ത് പറയുന്നു.
അനിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു വേഷമുണ്ടെന്നു പറഞ്ഞ് എന്നെ സമീപിച്ചപ്പോൾ എങ്ങനെയാണ് നോ പറയുക. മുഴുനീള കഥാപാത്രമല്ലെങ്കിലും വളരെ പ്രധാനപ്പെട്ട വേഷമാണ് എനിക്കുള്ളത്. ഒരു സിനിമ ചെയ്യണം എന്നത് പൃഥ്വിരാജിന്റെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു.
എന്താണ് തനിക്ക് വേണ്ടതെന്ന് പൃഥ്വിരാജിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഓരോ കഥാപാത്രത്തിന്റെയും പേരും അവരുടെ സംഭാഷണവും വരെ മനഃപാഠമായിരുന്നു. എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്നുവരെ പൃഥ്വിരാജ് പറഞ്ഞുതരും. എനിക്ക് പറഞ്ഞു തന്നതുപോലെ എല്ലാ നടന്മാരോടും അങ്ങനെയായിരുന്നു. ലാലേട്ടൻ വളരെ അധികം സഹകരിച്ചു. രാജു പറയുന്നതെല്ലാം ലാലേട്ടൻ വ്യക്തമായി കേൾക്കുമായിരുന്നു.
കുറേ നാളുകൾക്ക് ശേഷമാണ് ഇത്തരത്തിലൊരു കഥാപാത്രമായി ലാലേട്ടനെ കാണുന്നത്. ഈ ചിത്രത്തിൽ പ്രവർത്തിച്ചവർക്കെല്ലാം വ്യത്യസ്തമായ അനുഭവമായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം അവരുടെ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തങ്ങളാണ്.
പൃഥ്വിരാജ് നന്നായി പുസ്തകം വായിക്കുന്ന ആളാണ്. അതിനാൽ അദ്ദേഹത്തിന്റെ അറിവ് സിനിമയിലും പ്രകടമായിരിക്കും. സൂര്യന് കീഴെയുള്ള എന്തിനെക്കുറിച്ചും പൃഥ്വിരാജിന് അറിവുണ്ട്. ചെറുപ്പം മുതലേ രാജുവിന്റെ കൈയിൽ എപ്പോഴും പുസ്തകം ഉണ്ടാകും. വായിക്കുക എന്നതായിരുന്നു രാജുവിന്റെ പ്രധാന ഹോബി. ഞാനും വായിക്കും.
പക്ഷേ അവന്റെ അത്ര ഇല്ല. കൂടുതൽ പഠിക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് രാജു. സിനിമയിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ സംവിധാനത്തെക്കുറിച്ചും, കാമറ ടെക്നിക്കിനെ കുറിച്ചും അറിയാൻ തുടങ്ങി. പൃഥ്വിരാജ് അങ്ങനെ നേടിയെടുത്ത അറിവെല്ലാം ആദ്യ സിനിമയിൽ കാണാനാവും- ഇന്ദ്രജിത്ത് പറയുന്നു.