ആലപ്പുഴ: കെഎസ്ആർടിസി ബസുകളിലെ സർക്കാർ പരസ്യങ്ങൾ വലിച്ചുകീറി ബിജെപിയുടെ പ്രതീകാത്മക സമരം. തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിട്ടിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആലപ്പുഴയിൽ ബിജെപിയുടെ സമരം. പോലീസെത്തി സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബിജെപി ഓഫീസിൽ നിന്നും പ്രകടനമായാണ് പ്രവർത്തകർ കഐസ്ആർടിസി ബസ് സ്റ്റേഷനിലെത്തിയത്. കഐസ്ആർടിസി ബസ് സറ്റാൻഡിലെത്തിയ ബിജെപി പ്രവർത്തകർ പുറപ്പെട്ട ബസിനെ കൈകാണിച്ചു നീക്കി വശങ്ങളിൽ പതിപ്പിച്ചിരുന്ന സർക്കാർ പരസ്യം വലിച്ചുകീറി. തുടർന്ന് സ്റ്റാൻഡിൽ യാത്രയ്ക്കൊരുങ്ങി നിന്നിരുന്ന മറ്റുചില ബസുകളിലെ പരസ്യങ്ങളും കീറിയപ്പോഴേക്കും ഡിവൈഎസ്പി ബേബിയുടെ നേതൃത്വത്തിൽ പോലീസ് എത്തുകയായിരുന്നു.
സമരക്കാരെ അറസ്റ്റുചെയ്യാൻ ആരംഭിച്ചപ്പോൾ പ്രതിഷേധവും ഉണ്ടായി. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശമുണ്ടായിട്ടും കഐസ്ആർടിസി ബസുകളിൽ പതിപ്പിച്ചിരിക്കുന്ന ഇത്തരം പരസ്യങ്ങൾ നീക്കം ചെയ്യാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ മെല്ലേപ്പോക്ക് നയമാണ് സ്വീകരിച്ചിട്ടുള്ളത്.
അതുകൊണ്ടാണ് പ്രതീകാത്മക സമരത്തിന് ബിജെപി രംഗത്തിറങ്ങിയതും. കളക്ടർക്ക് ഇക്കാര്യം വ്യക്തമാക്കി പരാതി നല്കിയതായും സോമൻ വ്യക്തമാക്കി. ഇതു നീക്കം ചെയ്തില്ലെങ്കിൽ അടുത്തദിവസങ്ങളിലും ഇത്തരം പ്രതീകാത്മക സമരങ്ങൾ നടത്താൻ തന്നെയാണ് ബിജെപിയുടെ പദ്ധതി. പരസ്യങ്ങൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടാകാതിരിക്കാൻ പോലീസ് സന്നാഹത്തെ നഗരത്തിൽ വിന്യസിക്കുകയും ചെയ്തു.